---
title: "'അവര്‍ക്ക് മെഡല്‍ ഗംഗയില്‍ മുക്കണം, അതിന് നമ്മളെന്ത് ചെയ്യും..?'; പരിഹാസവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്"
english_title: "Brijbhushan against wrestler's "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118319/brijbhushan-against-wrestlers"
published_at: "2023-05-31T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d6614f4a2_brij-1685507185.jpg"
keywords: []
---

# 'അവര്‍ക്ക് മെഡല്‍ ഗംഗയില്‍ മുക്കണം, അതിന് നമ്മളെന്ത് ചെയ്യും..?'; പരിഹാസവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്

> **Lead Summary:** ന്യൂഡല്‍ഹി: തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗംഗയില്‍ മെഡല്‍ ഒഴുക്കാന്‍ പോയ ഗുസ്തി താരങ്ങള്‍ അത് കര്‍ഷക നേതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് എന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

## Article Content

ന്യൂഡല്‍ഹി: തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗംഗയില്‍ മെഡല്‍ ഒഴുക്കാന്‍ പോയ ഗുസ്തി താരങ്ങള്‍ അത് കര്‍ഷക നേതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് എന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ ഗംഗയില്‍ മുക്കണമെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും', എന്നായിരുന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞത്. ഗുസ്തി താരങ്ങള്‍ അവരുടെ മെഡലുകള്‍ ഗംഗയില്‍ മുക്കാനാണ് ഇന്നലെ പോയത്. എന്നാല്‍ അതിന് പകരം അവര്‍ തങ്ങളുടെ മെഡലുകളെല്ലാം രാകേഷ് ടികായത്തിന് നല്‍കിയിരിക്കുന്നു. അതാണ് അവരുടെ നിലപാട്. അതില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് അദ്ദേഹം ചോദിച്ചത്.

തന്റെ രാജി സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലാവധി അവസാനിച്ചിരിക്കുന്നു. ഇനി ഒരു തിരഞ്ഞെടുപ്പ് നടക്കും. ആരോപണങ്ങള്‍ അന്വേഷണം നടക്കട്ടെ. എന്താണ് സംഭവിക്കുക എന്ന് നോക്കാം. ഇപ്പോള്‍ ഒന്നും നമ്മുടെ കൈയിലല്ല. എല്ലാം ഡല്‍ഹി പൊലീസിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുസ്തി താരങ്ങള്‍ എന്തിനാണ് ഇപ്പോഴും സമരം തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അവരെന്തിനാണ് ഇപ്പോഴും സമരം ചെയ്യുന്നത് എന്നതിന് അവര്‍ക്ക് മാത്രമെ ഉത്തരം നല്‍കാന്‍ കഴിയൂ. അവരുടെ ആവശ്യപ്രകാരം ഒരു മേല്‍നോട്ട സമിതി രൂപീകരിച്ചു, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ അതില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും തനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ബ്രിജ് ഭൂഷണിന് എതിരെ സമരം ചെയ്ത പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഒളിംപിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ ഗംഗയില്‍ ഒഴുക്കി കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ കര്‍ഷകര്‍ ഇടപെട്ട് ഈ സമരത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118319/brijbhushan-against-wrestlers)