---
title: "വയനാട് മെഡിക്കല്‍ കോളേജ്; മന്ത്രിയുടെ സാനിധ്യത്തിൽ അവലോകന യോഗം ചേര്‍ന്നു"
english_title: "Wayanad Medical College meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11837/wayanad-medical-college-meeting"
published_at: "2021-11-20T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198ed1e01ae4_FB_IMG_1637411468594.jpg"
keywords: []
---

# വയനാട് മെഡിക്കല്‍ കോളേജ്; മന്ത്രിയുടെ സാനിധ്യത്തിൽ അവലോകന യോഗം ചേര്‍ന്നു

> **Lead Summary:** പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസില്‍ വയനാട് മെഡിക്കല്‍ കോളേജ് അവലോകന യോഗം ചേര്‍ന്നു. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ വിപുലമായ ചികിത്സാ സൗകര്യം ഒരുക്കുക, പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി ബോയ്‌സ് ടൗണില്‍ കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് സമ്പൂര്‍ണ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നിവയാണ് സര്‍ക്കാറിനു മുമ്പിലുള്ള ലക്ഷ്യങ്ങള്‍.

## Article Content

പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസില്‍ വയനാട് മെഡിക്കല്‍ കോളേജ് അവലോകന യോഗം ചേര്‍ന്നു. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ വിപുലമായ ചികിത്സാ സൗകര്യം ഒരുക്കുക, പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി ബോയ്‌സ് ടൗണില്‍ കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് സമ്പൂര്‍ണ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നിവയാണ് സര്‍ക്കാറിനു മുമ്പിലുള്ള ലക്ഷ്യങ്ങള്‍.

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിനായി 636 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി പ്രത്യേക ചുമതല നല്‍കിയ വാപ്‌കോസ് സമര്‍പ്പിച്ചത്. 

നിലവില്‍ 146 തസ്തികകള്‍ മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 41 ഡോക്ടര്‍മാരുടെ നിയമനം നടത്തുകയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫസര്‍ തസ്തികയില്‍ ഡി.പി.സി ചേര്‍ന്ന് നിയമനം നടത്തും. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതു കഴിഞ്ഞ് നിയമനം നടത്തുന്നതാണ്. ബോയ്‌സ് ടൗണില്‍ ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന് വേണ്ട സര്‍ക്കാര്‍ ഉത്തരവ് വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ മികച്ച ചികിത്സ സൗകര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാത്ത് ലാബിന്റെ സിവില്‍ ജോലികള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാകും. ആവശ്യമായ കാര്‍ഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയ ശേഷമായിരിക്കും കാത്ത് ലാബിലേക്ക് നിയമിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11837/wayanad-medical-college-meeting)