---
title: "ബസ് ചാർജ് വർധിപ്പിക്കണമെന്ന  ആവശ്യം പരിഗണിക്കും: ഗതാഗതമന്ത്രി ആന്റണി രാജു"
english_title: "Demand for increase in bus fares to be considered: Transport Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11841/demand-for-increase-in-bus-fares-to-be-considered-transport-minister"
published_at: "2021-11-20T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198f13069814_images - 2021-11-20T182919.492.jpeg"
keywords: []
---

# ബസ് ചാർജ് വർധിപ്പിക്കണമെന്ന  ആവശ്യം പരിഗണിക്കും: ഗതാഗതമന്ത്രി ആന്റണി രാജു

> **Lead Summary:** **കോട്ടയം: ** ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് നടന്ന ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കോട്ടയം: ** ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് നടന്ന ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് ബസ് ഉടമകൾ  സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ട് വെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11841/demand-for-increase-in-bus-fares-to-be-considered-transport-minister)