---
title: "ഇന്ന് നെയ്യാട്ടം: നെയ്യമൃത് സംഘം  കൊട്ടിയൂരിലേക്ക് പുറപ്പെട്ടു "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118563/kottiyoor"
published_at: "2023-06-01T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647813dc3802a_IMG-20230601-WA0012.jpg"
keywords: []
---

# ഇന്ന് നെയ്യാട്ടം: നെയ്യമൃത് സംഘം  കൊട്ടിയൂരിലേക്ക് പുറപ്പെട്ടു 

> **Lead Summary:** **മണത്തണ**: നെയ്യമൃത് സംഘം മണത്തണ ചപ്പാരം ക്ഷേത്രത്തിൽനിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നെയ്യമൃത് ജന്മസ്ഥാനീകരുടെ നേതൃത്വത്തിൽ ഇന്നലെ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തിച്ച നെയ്യമൃത് കലശപാത്രങ്ങളും നെയ്യ്ക്കിണ്ടികളും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

## Article Content

**മണത്തണ**: നെയ്യമൃത് സംഘം മണത്തണ ചപ്പാരം ക്ഷേത്രത്തിൽനിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നെയ്യമൃത് ജന്മസ്ഥാനീകരുടെ നേതൃത്വത്തിൽ ഇന്നലെ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തിച്ച നെയ്യമൃത് കലശപാത്രങ്ങളും നെയ്യ്ക്കിണ്ടികളും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

കാൽനടയായി സഞ്ചരിക്കുന്ന സംഘം ഉച്ചയോടെ കൊട്ടിയൂരിലെത്തുന്ന സംഘം ഇടബാവലി കടന്ന് അക്കരെ പ്രവേശിക്കാതെ അവർക്കായി നിശ്ചയിച്ച ഇടങ്ങളിൽ കലാശാപാത്രങ്ങളും നെയ്യ്‌ക്കിണ്ടികളും സൂക്ഷിക്കും. സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും വാൾ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയിക്കും. ചോതിവിളക്ക് തെളിയുന്നതോടെ നെയ്യമൃത് സംഘം അക്കരെ സന്നിധാനത്ത് പ്രവേശിക്കും.

പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്ത്വത്തിൽ കൂർപ്പിച്ച മുള ചിന്തുകൾ ഉപയോഗിച്ച് സ്വയംഭൂ ശില മൂടിവച്ച അഷ്ടബന്ധം കിളച്ചുമാറ്റിയ ശേഷം നെയ്യാട്ടത്തിന്റ രാശി വിളിക്കുന്നതോടെ മണിത്തറയിൽ സ്വയംഭൂവിൽ നെയ്യാട്ടം നടക്കും. ഉഷാകാമ്പ്രം സ്ഥാനീകന്റെ നേതൃത്വത്തിലാണ് നെയ്യാട്ടം നടക്കുക. വില്ലിപ്പാലൻ വലിയകുറുപ്പിന്റെ കലശപത്രത്തിലെ നെയ്യാണ് ആദ്യം ആടുന്നത്. തുടർന്ന് തമ്മെങ്ങാടൻ നമ്പിയാരുടെ കലശപാത്രവും ആടിയശേഷം മുഴുവൻ നെയ്‌ക്കിണ്ടികളിലെ നെയ്യും സ്വയംഭൂവിൽ അഭിഷേകം ചെയ്യും. നാളെയാണ് ബണ്ടാരമെഴുന്നള്ളത്ത്. മണത്തണ കരിമ്പന ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണ, രജത കുംഭങ്ങളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്. ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം മണത്തണ ചപ്പാരം ക്ഷേത്രത്തിലെ ശക്തി ചൈതന്യം കുടികൊള്ളുന്ന വാളുകളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.

അർധരാത്രിയോടെ കൊട്ടിയൂരിലെത്തുന്ന ഭണ്ടാരമെഴുന്നള്ളത്തിനൊപ്പം ഇക്കരെ ക്ഷേത്രത്തിൽ പൂജിക്കുന്ന ദേവീ ദേവന്മാരുടെ തിടമ്പുകളും അക്കരെ സന്നിധാനത്തേക്ക് കൊണ്ടുപോകും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധിയിലെത്തി ദേവീദേവന്മാരുടെ തിടമ്പുകൾ യഥാക്രമം അമ്മാറക്കൽ തറയിലും മണിത്തറയിലും എത്തിച്ച് ചപ്പാരം വാളുകൾ വാളറയിലും പ്രതിഷ്ഠിച്ച ശേഷമാണ് വൈശാഖ മഹോത്സവത്തിലെ നിത്യനിദാനപൂജകൾ ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118563/kottiyoor)