---
title: "നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലെത്തി: മുതിരേരി വാൾ സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118705/kottiyoor"
published_at: "2023-06-01T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786ef177d65_IMG-20230601-WA0203.jpg"
keywords: []
---

# നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലെത്തി: മുതിരേരി വാൾ സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും

> **Lead Summary:** **കൊട്ടിയൂർ** : ഇന്ന് നെയ്യാട്ടം. നെയ്യമൃത് കലശപാത്രങ്ങളും നെയ്ക്കിണ്ടികളും കൊട്ടിയൂരിലെത്തി. രാവിലെ മണത്തണ ചപ്പാരം ക്ഷേത്രത്തിൽനിന്നുമാണ് നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. വൈശാഖമഹോത്സവത്തിൽ സ്വയംഭൂ ശിലയിൽ ആദ്യം നടക്കുന്ന ചടങ്ങാണ് നെയ്യാട്ടം.

## Article Content

**കൊട്ടിയൂർ** : ഇന്ന് നെയ്യാട്ടം. നെയ്യമൃത് കലശപാത്രങ്ങളും നെയ്ക്കിണ്ടികളും കൊട്ടിയൂരിലെത്തി. രാവിലെ മണത്തണ ചപ്പാരം ക്ഷേത്രത്തിൽനിന്നുമാണ് നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. വൈശാഖമഹോത്സവത്തിൽ സ്വയംഭൂ ശിലയിൽ ആദ്യം നടക്കുന്ന ചടങ്ങാണ് നെയ്യാട്ടം.

നീരെഴുന്നള്ളത്ത് ദിവസം പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ബാവലി തീർത്ഥം അഭിഷേകം ചെയ്തിരുന്നെങ്കിലും സ്വയംഭൂ ശിലയെ മൂടിയിരുന്ന അഷ്ടബന്ധം നീക്കം ചെയ്യാതെ മണിത്തറയുടെ മുകളിൽ സ്വയംഭൂ സ്ഥാനം സങ്കല്പിച്ചായിരുന്നു ഭാവലിതീർത്ഥം അഭിഷേകം ചെയ്തത്.

അഷ്ടബന്ധം നീക്കം ചെയ്ത് സ്വയംഭൂ ശിലയിൽ ആദ്യം നടക്കുന്ന ചടങ്ങാണ് നെയ്യാട്ടം. രാവിലെ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തിയ നെയ്യമൃത് സ്ഥാനീക്കരും വ്രതക്കാരും ചപ്പാരം ഭഗവതിയെ തൊഴുത് അനുഗ്രഹം വാങ്ങി നെയ്യമൃത് എഴുന്നള്ളിക്കാൻ തയ്യാറായി. ആദ്യമായി നെയ്യമൃത് വ്രതം നോൽക്കുന്ന വ്രതക്കാരെ ഭസ്മം തൊടീച്ച് അനുഗ്രഹിച്ചു വേണം കൊട്ടിയൂരിലേക്ക് പറഞ്ഞയക്കാൻ.

ഈ 'പുത്തൻ' വ്രതക്കാരെ അതാത് മഠമൂപ്പൻ മാരും മറ്റ് സഹ വ്രതക്കാരും ചേർന്ന് ശരീരത്തിൽ മുഴുവൻ ഭസ്മം പൂശി. ഇതിനൊടകം ജന്മസ്ഥാനീകരായ വില്ലിപ്പാലൻ വലിയകുറുപ്പിന്റെയും, തമ്മെങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിൽ കലശ പാത്രം എഴുന്നളിക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു. ജന്മസ്ഥാനീകരുടെ നേതൃത്വത്തിൽ രണ്ടു കലശപാത്രവും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ഓരോ സംഘങ്ങളായി നെയ്‌യ്‌ക്കിണ്ടികളുമായി വ്രതക്കാരും കൊട്ടിയൂരിയെ ലക്ഷ്യമാക്കി യാത്രതിരിച്ചു.

ഉച്ചയോടെ കൊട്ടിയൂരിലെത്തിയ സംഘം ഇടബാവലി കടന്ന് അക്കരെ പ്രവേശിക്കാതെ അവർക്കായി നിശ്ചയിച്ച ഇടങ്ങളിൽ കലശപാത്രങ്ങളും നെയ്യ്‌ക്കിണ്ടികളും സൂക്ഷിച്ച് വച്ച് ഇക്കരെ ക്ഷേത്രത്തിലെത്തി. സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും വാൾ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയിക്കും. ചോതിവിളക്ക് തെളിയുന്നതോടെ നെയ്യമൃത് സംഘം അക്കരെ സന്നിധാനത്ത് പ്രവേശിക്കും. രാത്രി വൈകിയാണ് നെയ്യാട്ടം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118705/kottiyoor)