---
title: "മനുരത്ന നെല്ലിനത്തിൻ്റെ വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ തുടക്കമായി"
english_title: "Karimbam district plantation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118966/karimbam-district-plantation"
published_at: "2023-06-02T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479b47510dfe_IMG-20230602-WA0136.jpg"
keywords: []
---

# മനുരത്ന നെല്ലിനത്തിൻ്റെ വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ തുടക്കമായി

> **Lead Summary:**  കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ വിളവ് ലഭിക്കുന്ന മനുരത്ന നെല്ലിനത്തിൻ്റെ വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ തുടക്കമായി. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച മനുരത്ന ഇനം നെൽവിത്താണ് ഫാമിൽ ഉൽപാദിപ്പിക്കുന്നത്.

## Article Content

 കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ വിളവ് ലഭിക്കുന്ന മനുരത്ന നെല്ലിനത്തിൻ്റെ വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ തുടക്കമായി. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച മനുരത്ന ഇനം നെൽവിത്താണ് ഫാമിൽ ഉൽപാദിപ്പിക്കുന്നത്.

നൂറ് ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച മനുരത്ന ഇനം നെല്ലിൻ്റെ വിത്തുൽപ്പാദനത്തിനുള്ള പ്രവർത്തനങ്ങളാണ് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ തുടങ്ങിയത്. ഫാമിൻ്റെ ഒരു ഹെക്ടർ സ്ഥലത്ത് ഞാറ് നടുന്നതിനുള്ള ഞാറ്റടി തയ്യാറാക്കാനാവശ്യമായ 80 കിലോഗ്രാം വിത്താണ് വിതച്ചത്.

17 ദിവസങ്ങൾ കൊണ്ട് ഞാറ്റടി തയ്യാറാകും. ചെറിയ തോതിൽ മഴ കുറഞ്ഞാലും മഴ കൂടിയാലും നാശം കുറഞ്ഞ ഇനമാണ് മനുരത്ന. നുറു ദിവസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് ഇതിൻ്റെ പ്രധാന ആകർഷണം. തൃശൂരിലെ കേരള കാർഷിക സർവകലാശാലയിൽ നിന്നും എത്തിച്ച മനുരത്ന മദർ സീഡിൽ നിന്നും മൂന്ന് സീസണിലേക്കുള്ള യഥാർത്ഥ ഗുണങ്ങൾ ലഭിക്കുന്ന വിത്തുകൾ തയ്യാറാക്കാനാകും.

മികച്ച വിളവ് നൽകുന്നതോടൊപ്പം ഉയർന്ന രോഗ പ്രതിരോധ ശേഷിയുമുള്ളതാണ് മനുരത്ന നെല്ലിനമെന്ന് കൃഷി ഓഫിസർ അജി തോമസ് പറഞ്ഞു. ഞാറ്റടി തയ്യാറാക്കുന്നതിനുള്ള വിത്തിടീൽ ഫാമിലെ മുതിർന്ന തൊഴിലാളി വി.രാമദാസൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ കെ. ദീപ, അസിസ്റ്റൻ്റുമാരായ വി.ബി രാജീവൻ, കെ.ചന്ദ്രൻ, സി.കെ രാജേഷ് എന്നിവരും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118966/karimbam-district-plantation)