---
title: "ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍."
english_title: "Google's Gmail is the most popular email service provider."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119331/googles-gmail-is-the-most-popular-email-service-provider"
published_at: "2023-06-03T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b5b0d375e6_sfczxvzx.jpg"
keywords: []
---

# ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍.

> **Lead Summary:** ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍. ഇക്കാരണം കൊണ്ടു തന്നെ ജി മെയില്‍ ആപ്പിന് ജനപ്രീതിയേറെയാണ്. ലളിതമായ ഇന്റര്‍ഫെയ്‌സാണ് ഉപഭോക്താക്കളെ ജി മെയില്‍ ആപ്പില്‍ നിലനിര്‍ത്തുന്നത്. ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരുന്നു.

## Article Content

ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍. ഇക്കാരണം കൊണ്ടു തന്നെ ജി മെയില്‍ ആപ്പിന് ജനപ്രീതിയേറെയാണ്. ലളിതമായ ഇന്റര്‍ഫെയ്‌സാണ് ഉപഭോക്താക്കളെ ജി മെയില്‍ ആപ്പില്‍ നിലനിര്‍ത്തുന്നത്. ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരുന്നു.

ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ബോക്‌സ് ഉപയോഗിക്കുന്നതിനും ഇ മെയിലുകള്‍ തിരയുന്നതിനുമെല്ലാമായി മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സംവിധാനങ്ങള്‍ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. പുതിയ സംവിധാനം എത്തുന്നതോടെ ജി മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും. മെഷീന്‍ ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുന്നത്. ഉപഭോക്താവ് എന്താണ് തിരയുന്ന കാര്യത്തിന് അനുസരിച്ചായിരിക്കും ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക. നിങ്ങള്‍ തിരയുന്ന വാക്ക് ഉപയോഗിച്ച് ജി മെയിലിലെ മെഷീന്‍ ലേണിങ് മോഡലുകള്‍ അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇ മെയിലുകളും മറ്റ് ഘടകങ്ങള്‍ പരിഗണിച്ചുള്ള പഴയ ഇ മെയിലുകളും സെര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കും. ഇങ്ങനെ കണ്ടെത്തുന്ന സെര്‍ച്ച് റിസല്‍ട്ട് ആയിരിക്കും ആദ്യം കാണിക്കുക.

മറ്റ് ഇ മെയിലുകള്‍ ഏറ്റവും പുതിയത് ആദ്യം എന്ന രീതിയില്‍ പിന്നാലെ താഴെ കാണാം. ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സൗകര്യമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ഇ മെയിലുകളും ഫയലുകളും വളരെ വേഗം കണ്ടുപിടിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ജൂണ്‍ രണ്ട് മുതലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ച് തുടങ്ങിയത്‌. ജി മെയില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടും സൗകര്യം കാണുന്നില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല താമസിയാതെ തന്നെ അത് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119331/googles-gmail-is-the-most-popular-email-service-provider)