---
title: "വിമാനത്താവള സ്ഥലമേറ്റെടുപ്പ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ"
english_title: "Kannur airport mattanoor hafaha ofgvs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119466/kannur-airport-mattanoor-hafaha-ofgvs"
published_at: "2023-06-04T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c292d21b57_Screenshot_2023-06-04-11-29-06-455_com.android.chrome-edit.jpg"
keywords: []
---

# വിമാനത്താവള സ്ഥലമേറ്റെടുപ്പ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മട്ടന്നൂരിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. ഓഫീസിലെ ജീവനക്കാർക്ക് രണ്ട്‌ മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബിൽ തുക അടയ്ക്കാത്തതിനാൽ ഓഫീസിലെ വൈദ്യുതി കണക്‌ഷൻ രണ്ടുദിവസമായി വിച്ഛേദിച്ചിരിക്കുകയുമാണ്.

## Article Content

**മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മട്ടന്നൂരിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. ഓഫീസിലെ ജീവനക്കാർക്ക് രണ്ട്‌ മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബിൽ തുക അടയ്ക്കാത്തതിനാൽ ഓഫീസിലെ വൈദ്യുതി കണക്‌ഷൻ രണ്ടുദിവസമായി വിച്ഛേദിച്ചിരിക്കുകയുമാണ്.

ഫോണും മറ്റു സൗകര്യങ്ങളും മാത്രമല്ല ജോലികൾക്കുള്ള പേപ്പർ പോലുമില്ലാത്ത സ്ഥിതിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിമാനത്താവള റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്കുള്ള ഓഫീസാണിത്.

കഴിഞ്ഞ ഡിസംബർ മുതൽ ഓഫീസിന് തുടർച്ചാ അനുമതി ഇല്ലാത്തതിനാലാണ് ശമ്പളം ലഭിക്കാത്തതെന്നാണ് ജീവനക്കാർ പറയുന്നത്. 23 ജീവനക്കാരാണ് ഓഫീസിലുള്ളത്. പലരെയും ഡെപ്യൂട്ടേഷനിൽ മറ്റു ജോലികൾക്കായി മാറ്റിയിട്ടുണ്ട്. ഓഫീസിൽ വൈദ്യുതിപോലും ഇല്ലാതായതോടെ ഏതാനും ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ കഴിഞ്ഞദിവസം കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

സ്പെഷ്യൽ തഹസിൽദാർ രണ്ടുമാസമായി പരിശീലനത്തിന് പോയതിനാൽ കല്യാട് സ്പെഷ്യൽ തഹസിൽദാർക്കാണ് ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ളത്. വിമാനത്താവള സ്ഥലമേടുപ്പിനായി രണ്ട് സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളാണ് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒരു ഓഫീസ് തലശ്ശേരിയിലേക്ക് മാറ്റി. വിമാനത്താവള റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികളാണ് ഇവിടെ കൈകാര്യംചെയ്യുന്നത്.

ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായതോടെ റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും നിലച്ചമട്ടാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119466/kannur-airport-mattanoor-hafaha-ofgvs)