---
title: "വട്ടിപ്രം-മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണം പാതിവഴിയിൽ"
english_title: "Reconstruction of Vattipram-Manikoth field road is half way"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120337/reconstruction-of-vattipram-manikoth-field-road-is-half-way"
published_at: "2023-06-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480180639e24_IMG-20230607-WA0057.jpg"
keywords: []
---

# വട്ടിപ്രം-മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണം പാതിവഴിയിൽ

> **Lead Summary:** **കൂത്തുപറമ്പ്** : തകർന്ന റോഡ് നന്നാക്കുന്നുവെന്നറിഞ്ഞതു മുതൽ വലിയ ആശ്വാസത്തിലായിരുന്നു ജനം. എന്നാൽ ഉള്ള റോഡ് കുത്തിപ്പൊളിച്ചിട്ടതോടെ ഇതുവഴി കാൽനട പോലും കഠിനമായി. വട്ടിപ്രം-മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണമാണ് പാതിവഴിയിൽ ഇഴയുന്നത്.

## Article Content

**കൂത്തുപറമ്പ്** : തകർന്ന റോഡ് നന്നാക്കുന്നുവെന്നറിഞ്ഞതു മുതൽ വലിയ ആശ്വാസത്തിലായിരുന്നു ജനം. എന്നാൽ ഉള്ള റോഡ് കുത്തിപ്പൊളിച്ചിട്ടതോടെ ഇതുവഴി കാൽനട പോലും കഠിനമായി. വട്ടിപ്രം-മാണിക്കോത്ത് വയൽ റോഡിന്റെ പുനർ നിർമാണമാണ് പാതിവഴിയിൽ ഇഴയുന്നത്.

റോഡുപണി തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പ്രവൃത്തിക്ക് ഒച്ചിന്റെ വേഗമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരമാണ് വട്ടിപ്രം-മാണിക്കോത്ത് വയൽ റോഡ് നവീകരിക്കുന്നത്. റോഡിൽ കലുങ്കുകളും നിർമിക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന ടാറിങ് ഇളക്കി മാറ്റിയാണ് നവീകരണ പ്രവൃത്തി. എന്നാൽ റോഡുപണിയുടെ കാൽഭാഗം പോലും പൂർത്തിയായില്ലെന്നാണ് പരാതി.

മെറ്റലുകൾ ഇളകി നിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് കല്ലുകൾ തെറിക്കുന്നതും പ്രയാസമുണ്ടാക്കുന്നു. ബസ് ഉൾപ്പടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡ് വെട്ടിപ്പൊളിച്ചിട്ടതിനാൽ ഓട്ടോറിക്ഷ പോലും സർവീസ് നടത്താൻ മടിക്കുന്നു.

കിട്ടിയ കൂലിയുടെ മൂന്നും നാലും ഇരട്ടി വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി നൽകേണ്ടി വരുന്നതിനാലാണിത്. ഇപ്പോൾ പൊടിശല്യംമൂലം പ്രയാസപ്പെടുന്ന റോഡിൽ മഴയെത്തിയാൽ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് ജനം. മഴ പെയ്താൽ ചെളിവെള്ളം നീന്തിവേണം സഞ്ചരിക്കാൻ. ക്രഷർ സമരമായതിനാലാണ് റോഡുപണി പാതിവഴിയിലായതെന്നാണ് അധികൃതരുടെ വാദം. ഇനി മഴയെ പഴി ചാരിയും റോഡ് പണി വൈകിക്കുമെന്ന് നാട്ടുകാർ പറയുന്നു. റോഡുപണി വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിനിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120337/reconstruction-of-vattipram-manikoth-field-road-is-half-way)