---
title: "പുതുതലമുറ ലഹരിക്കടിമപ്പെടരുതെന്ന മുന്നറിയിപ്പുമായി വിദ്യാർഥിനി അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി"
english_title: "The song presented by the student with a warning that the new generation should not get addicted to drugs was remarkable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120360/the-song-presented-by-the-student-with-a-warning-that-the-new-generation-should-not-get-addicted-to-drugs-was-remarkable"
published_at: "2023-06-07T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64802084b008d_IMG-20230607-WA0010.jpg"
keywords: []
---

# പുതുതലമുറ ലഹരിക്കടിമപ്പെടരുതെന്ന മുന്നറിയിപ്പുമായി വിദ്യാർഥിനി അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി

> **Lead Summary:** **ധർമടം** : പുതുതലമുറ ലഹരിക്കടിമപ്പെടരുതെന്ന മുന്നറിയിപ്പുമായി വിദ്യാർഥിനി അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. ഗവ. ബ്രണ്ണൻ കോളേജിൽ സംഘടിപ്പിച്ച യുവ ഉത്സവിന്റെ ഭാഗമായാണ് പിലാത്തറ മേരി മാത സ്കൂൾ ഒൻപതാം തരം വിദ്യാർഥിനി സപര്യ രാജ് ലഹരിവിരുദ്ധ ഓട്ടൻ തുള്ളലുമായി അരങ്ങിലെത്തിയത്.

## Article Content

**ധർമടം** : പുതുതലമുറ ലഹരിക്കടിമപ്പെടരുതെന്ന മുന്നറിയിപ്പുമായി വിദ്യാർഥിനി അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. ഗവ. ബ്രണ്ണൻ കോളേജിൽ സംഘടിപ്പിച്ച യുവ ഉത്സവിന്റെ ഭാഗമായാണ് പിലാത്തറ മേരി മാത സ്കൂൾ ഒൻപതാം തരം വിദ്യാർഥിനി സപര്യ രാജ് ലഹരിവിരുദ്ധ ഓട്ടൻ തുള്ളലുമായി അരങ്ങിലെത്തിയത്.

കണ്ണൂർ നെഹ്രു യുവക് കേന്ദ്ര, ബ്രണ്ണൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവ സംയുക്തമായാണ് യുവ ഉത്സവ് സംഘടിപ്പിച്ചത്. യുവജനക്ഷേമ ബോർഡ് ചെയർമാൻ എം. ഷാജർ ലഹരിവിരുദ്ധ ഓട്ടൻതുള്ളൽ ഉദ്ഘാടനംചെയ്തു. തെയ്യവും തിറയും കഥകളിയും കൂത്തും കൂടിയാട്ടവും ഓട്ടൻതുള്ളലും വഞ്ചിപ്പാട്ടും വേലയും പൂരവുമൊക്കെ ആനന്ദലഹരിയേകുന്ന കേരളത്തിൽ യുവതലമുറ കൃത്രിമ ലഹരിക്കടിമകളാകുന്നതിന്റെ വേവലാതികളും വേദനകളും ഓട്ടൻതുള്ളലിലൂടെ സപര്യ പങ്കുവെക്കുന്നു.

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ പ്രശാന്ത് ബാബു കൈതപ്രം എഴുതിയ ഓട്ടൻതുള്ളൽ ചിട്ടപ്പെടുത്തിയത് ഗുരു കുട്ടമത്ത് ജനാർദനനാണ്. പിന്നണിയിൽ മൃദംഗവുമായി മണികണ്ഠദാസ് കുട്ടമത്തുമുണ്ട്. അനൗൺസറും വാദ്യകലാകാരനുമായ രാമപുരം രാജുവിന്റെയും പ്രിയയുടെയും മകളാണ് സപര്യ രാജ്. സഹോദരി സരയു രാജ് ചിത്രകാരിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120360/the-song-presented-by-the-student-with-a-warning-that-the-new-generation-should-not-get-addicted-to-drugs-was-remarkable)