---
title: "സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന്​ ഫെഫ്ക."
english_title: "Fefka said that the move to appoint shadow police on the set cannot be allowed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120754/fefka-said-that-the-move-to-appoint-shadow-police-on-the-set-cannot-be-allowed"
published_at: "2023-06-08T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481db444efcf_WhatsApp_Image_2023-06-08_at_7.13.19_PM.jpeg"
keywords: []
---

# സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന്​ ഫെഫ്ക.

> **Lead Summary:** **കൊച്ചി: **സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തിന്‍റെ പേരിൽ സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന്​ ഫെഫ്ക. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം. സിനിമ മേഖലയെ മുഴുസമയം നിരീക്ഷണത്തിൽ നിർത്തുന്നതിനെ എതിർക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെബ്​ സീരിസ്​ ചിത്രീകരണത്തിന്​ ഈരാറ്റുപേട്ടയിൽ എത്തിയ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്​​സൈസ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്​ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്​.

## Article Content

**കൊച്ചി: **സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തിന്‍റെ പേരിൽ സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന്​ ഫെഫ്ക. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം. സിനിമ മേഖലയെ മുഴുസമയം നിരീക്ഷണത്തിൽ നിർത്തുന്നതിനെ എതിർക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെബ്​ സീരിസ്​ ചിത്രീകരണത്തിന്​ ഈരാറ്റുപേട്ടയിൽ എത്തിയ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്​​സൈസ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്​ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്​.

എക്​സൈസ്​ ഇന്‍റലിജൻസ്​ എന്ന്​ പറഞ്ഞെത്തിയവർ തിങ്കളാഴ്ച രാത്രി രണ്ട്​ മണിക്കൂറോളമാണ്​ പരിശോധിച്ചത്​. മറ്റ്​ സിനിമയിൽ പ്രവർത്തിക്കുന്നവരും ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ, നജീമിന്‍റെ മുറിയിൽ മാത്രമായിരുന്നു പരിശോധന. നജീമിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പുറത്താക്കി മുറി അകത്തുനിന്ന്​ പൂട്ടിയ ശേഷമാണ്​ 20 അംഗ സംഘം കർട്ടനടക്കം അഴിച്ച്​ പരിശോധിച്ചത്​. നജീമിന്‍റെ കൈവശം ലഹരി മരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പരിശോധന എന്നായിരുന്നു വിശദീകരണം. എന്നാൽ, ഒന്നും കണ്ടെത്താനാവാതെ ക്ഷമാപണം നടത്തി സംഘം മടങ്ങി.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത നജീമിനെ കുടുക്കാൻ ആരോ എക്​സൈസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത്​ സംബന്ധിച്ച്​ മുഖ്യമന്ത്രിക്കും എക്​സൈസ്​ മന്ത്രിക്കും പരാതി നൽകിയതായി ​വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്ത നജീം കോയ അറിയിച്ചു. തന്‍റെ ഭാവിയും അവസരങ്ങളും തകർക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120754/fefka-said-that-the-move-to-appoint-shadow-police-on-the-set-cannot-be-allowed)