---
title: "ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു."
english_title: "Higher Education Minister R. Bindu said that a student grievance redressal cell will be formed within a month. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120775/higher-education-minister-r-bindu-said-that-a-student-grievance-redressal-cell-will-be-formed-within-a-month"
published_at: "2023-06-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481eb105710d_sdfsdgdfgd.jpg"
keywords: []
---

# ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു.

> **Lead Summary:** തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം. പ്രവേശനം, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കല്‍, അധികഫീസ് ഈടാക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജാതി-ലിംഗ-മത-സാമൂഹ്യ-ഭിന്നശേഷി വേര്‍തിരിവ്, മാനസിക-ശാരീരിക പീഡനം, ഇരവത്കരണം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പരാതികളാണ് സെല്ലിന്റെ പരിഗണനയില്‍ വരിക. കോളേജ് തല സമിതിയുടെ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ സര്‍വകലാശാലകളെയോ നിലവിലുള്ള ട്രൈബ്യൂണലിനെയോ സമീപിക്കാം.

## Article Content

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം. പ്രവേശനം, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കല്‍, അധികഫീസ് ഈടാക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജാതി-ലിംഗ-മത-സാമൂഹ്യ-ഭിന്നശേഷി വേര്‍തിരിവ്, മാനസിക-ശാരീരിക പീഡനം, ഇരവത്കരണം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പരാതികളാണ് സെല്ലിന്റെ പരിഗണനയില്‍ വരിക. കോളേജ് തല സമിതിയുടെ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ സര്‍വകലാശാലകളെയോ നിലവിലുള്ള ട്രൈബ്യൂണലിനെയോ സമീപിക്കാം.

വിദ്യാര്‍ഥി അവകാശ പ്രഖ്യാപനരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ കോളേജുകളിലും കൗണ്‍സിലിങ് ലഭ്യമാക്കണം. ഇവ ചെയ്യാത്ത കോളേജുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു കോളേജുകളില്‍ പ്രിന്‍സിപ്പലും സര്‍വകലാശാലകളില്‍ വകുപ്പ് മേധാവിയുമായിരിക്കും ചെയര്‍പേഴ്‌സണ്‍. പ്രിന്‍സിപ്പല്‍/ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിതയായിരിക്കണം), കോളേജ് യൂണിയന്‍ ചെയര്‍മാന്‍/ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥി പ്രതിനിധി, രണ്ട് വിദ്യാര്‍ഥി പ്രതിനിധികള്‍ (ഒരാള്‍ വനിതയായിരിക്കണം) എന്നിവരാണ് സമിതിയില്‍ ഉണ്ടാവുക. പ്രിന്‍സിപ്പല്‍/ വകുപ്പ് മേധാവി നാമനിര്‍ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി, എസ്.എസി-എസ്.ടി വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥി, ഒരു പിടിഎ പ്രതിനിധി, സര്‍വകലാശാല സിന്‍ഡിക്കേറ്റ് നാമനിര്‍ദേശം ചെയ്യുന്ന അധ്യാപകന്‍ എന്നിവരടങ്ങുന്നതാണ് സമിതി.

വിദ്യാര്‍ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനൊപ്പം നടത്താനും മന്ത്രി നിര്‍ദേശിച്ചു. സമിതി അംഗങ്ങളുടെ പേരും ഫോണ്‍ നമ്പറും സര്‍വകലാശാലയെ അറിയിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ലഭിക്കുന്ന പരാതിയും പരാതിയിലെടുക്കുന്ന തീരുമാനങ്ങളും സര്‍വകലാശാലയെ അറിയിക്കണം. ഇത് പരിശോധിക്കുന്നതിനായി സര്‍വകലാശാല പ്രത്യേകം ഓഫീസര്‍ക്ക് ചുമതല നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ഥികളെ നിലയ്ക്കുനിര്‍ത്താനുള്ള മാര്‍ഗമല്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍വകലാശാലയെ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120775/higher-education-minister-r-bindu-said-that-a-student-grievance-redressal-cell-will-be-formed-within-a-month)