---
title: "തെരുവ് നായ്ക്കൾ ഓട്ടോറിക്ഷ കടിച്ചു കീറി നശിപ്പിച്ചു.  "
english_title: "Autorickshaw was bitten and destroyed by stray dogs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121397/autorickshaw-was-bitten-and-destroyed-by-stray-dogs"
published_at: "2023-06-10T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484b2c01b5a2_sdffsd.jpg"
keywords: []
---

# തെരുവ് നായ്ക്കൾ ഓട്ടോറിക്ഷ കടിച്ചു കീറി നശിപ്പിച്ചു.  

> **Lead Summary:** **ഇരിട്ടി: **താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ സീറ്റ് തെരുവ് നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. മാടത്തിൽ സ്വദേശി വെള്ളുവക്കണ്ടി വിജയൻ്റെ ഓട്ടോറിക്ഷയുടെ സീറ്റുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അസുഖ ബാധിതനായ അയൽവാസിയെയും കൊണ്ട് വന്നതായിരുന്നു വിജയൻ. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് ആമ്പുലൻസിൽ കൊണ്ടുപോയപ്പോൾ ആശുപത്രിയുടെ മുറ്റത്ത് ഓട്ടോറിക്ഷ നിർത്തിയിടുകയായിരുന്നു. കണ്ണൂരിൽ നിന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോറിക്ഷയുടെ മുൻവശത്തേയും പിറകുവശത്തെയും സീറ്റുകൾ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടത്.

## Article Content

**ഇരിട്ടി: **താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ സീറ്റ് തെരുവ് നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. മാടത്തിൽ സ്വദേശി വെള്ളുവക്കണ്ടി വിജയൻ്റെ ഓട്ടോറിക്ഷയുടെ സീറ്റുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അസുഖ ബാധിതനായ അയൽവാസിയെയും കൊണ്ട് വന്നതായിരുന്നു വിജയൻ. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് ആമ്പുലൻസിൽ കൊണ്ടുപോയപ്പോൾ ആശുപത്രിയുടെ മുറ്റത്ത് ഓട്ടോറിക്ഷ നിർത്തിയിടുകയായിരുന്നു. കണ്ണൂരിൽ നിന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോറിക്ഷയുടെ മുൻവശത്തേയും പിറകുവശത്തെയും സീറ്റുകൾ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടത്.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും രാപകലില്ലാതെ തെരുവുനായ്ക്കൾ വിലസുകയാണ്. നേരത്തെയും ആശുപത്രി മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെയും ഇരുചക്ര വാഹനങ്ങളുടെയും സീറ്റുകൾ തെരുവുനായ്ക്കൾ നശിപ്പിച്ചിട്ടുണ്ട്. ആശുപത്രി റോഡിലെ നിരവധി വീടുകളിൽ നിന്നും വിലകൂടിയ ഷൂ അടക്കമുള്ള പാദരക്ഷകൾ കടിച്ചുകൊണ്ട് പോയി കീറി നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്. തെരുവ് നായകളെ പേടിച്ചു പലരും പാദരക്ഷകൾ വീടിനകത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് ആശുപത്രി റോഡിലോ ആശുപത്രി പരിസരത്തോ എത്തിയാൽ നായകൾ അക്രമ ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121397/autorickshaw-was-bitten-and-destroyed-by-stray-dogs)