---
title: "പാലത്തിന്റെ പൈലിങ് നടക്കുമ്പോൾ ഉണ്ടായ കുലുക്കത്തിൽ വിണ്ടുകീറിയ വീട് അപകടാവസ്ഥയിലായി."
english_title: "The house was in a state of danger when the piling of the bridge broke due to the shaking. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121432/the-house-was-in-a-state-of-danger-when-the-piling-of-the-bridge-broke-due-to-the-shaking"
published_at: "2023-06-11T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64854ed6c943a_fdgdgdfg.jpg"
keywords: []
---

# പാലത്തിന്റെ പൈലിങ് നടക്കുമ്പോൾ ഉണ്ടായ കുലുക്കത്തിൽ വിണ്ടുകീറിയ വീട് അപകടാവസ്ഥയിലായി.

> **Lead Summary:** **ചിറ്റാരിപ്പറമ്പ് : **വട്ടോളി പുതിയ പാലത്തിന്റെ പൈലിങ് നടക്കുമ്പോൾ ഉണ്ടായ കുലുക്കത്തിൽ വിണ്ടുകീറിയ വീട് അപകടാവസ്ഥയിലായി. അക്കര വട്ടോളി കോട്ടയിൽ-പരുമ കവലയിലെ മനീഷ നിവാസിൽ പാണ്ടിക്കാവ് മണിയുടെ വീടാണ് അപകടാവസ്ഥയിലായത്. 20 വർഷം മുൻപാണ് മണിയും ഭാര്യ ടി.ശ്രീജയും രണ്ട് മക്കളുമുള്ള കുടുംബം ഇവിടെ താമസം തുടങ്ങിയത്. 2016-ൽ മണിയുടെ മകനും മരുമകളും കോഴിക്കോട്ടുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു.

## Article Content

**ചിറ്റാരിപ്പറമ്പ് : **വട്ടോളി പുതിയ പാലത്തിന്റെ പൈലിങ് നടക്കുമ്പോൾ ഉണ്ടായ കുലുക്കത്തിൽ വിണ്ടുകീറിയ വീട് അപകടാവസ്ഥയിലായി. അക്കര വട്ടോളി കോട്ടയിൽ-പരുമ കവലയിലെ മനീഷ നിവാസിൽ പാണ്ടിക്കാവ് മണിയുടെ വീടാണ് അപകടാവസ്ഥയിലായത്. 20 വർഷം മുൻപാണ് മണിയും ഭാര്യ ടി.ശ്രീജയും രണ്ട് മക്കളുമുള്ള കുടുംബം ഇവിടെ താമസം തുടങ്ങിയത്. 2016-ൽ മണിയുടെ മകനും മരുമകളും കോഴിക്കോട്ടുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു.

മാനസികമായി തളർന്ന മണി പശുവിനെ വളർത്തിയും കൃഷിപ്പണി ചെയ്തുമാണ് ജീവിച്ചത്. വട്ടോളി പുതിയ പാലത്തിനുവേണ്ടിയുള്ള പൈലിങ് തുടങ്ങിയതോടെയാണ് ദുരന്തം വീണ്ടും വിള്ളൽരൂപത്തിൽ മണിയുടെ വീട്ടിലേക്ക് കടന്നുവന്നത്. പാലത്തിന്റെ പൈലിങ് പൂർത്തിയായതോടെ മണിയുടെ വീട്ടുചുമരുകളും കോൺക്രീറ്റും വിണ്ടുകീറിയ നിലയിലായിരുന്നു.

ജനലുകളും വാതിലുകളും ഇളകിയാടിയതോടെ ഇവ ചുമരിൽനിന്ന് ഇറക്കിവെച്ചു. വീട് അപകടാവസ്ഥയിലായതോടെ മണിയും ഭാര്യ ശ്രീജയും ചേർന്ന് പഞ്ചായത്ത്, വില്ലേജ്, റവന്യൂ, കളക്ടർ എന്നിവിടങ്ങളിൽ പലതവണ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. വിള്ളലുകളിലൂടെ മഴയത്ത് വെള്ളം കയറി ചുമരിൽനിന്ന്‌ ഷോക്കടിക്കാൻ തുടങ്ങിയതോടെയാണ് പന്ത്രണ്ടാംമൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറിയത്‌. വാടകവീട്ടിലേക്ക് താമസം മാറുന്നതിനാൽ പശുക്കളെ വിറ്റു.

വീടിന്റെ ചുമരും കോൺക്രീറ്റും തറയും വീണ്ടുകീറിയതിനാൽ ഇവ പൊളിച്ചുമാറ്റി പുതുതായി പണിതാൽ മാത്രമെ മണിയുടെ കുടുംബത്തിന് ഇവിടെ താമസിക്കാനാകൂ. സാമ്പത്തികശേഷിയില്ലാത്ത മണിക്ക് ഇനി സർക്കാർ സഹായത്തിൽ മാത്രമാണ് ഇനി പ്രതീക്ഷ. ശനിയാഴ്ച രാവിലെ സമീപവാസികളായ നാട്ടുകാരുടെ സഹകരണത്തോടെ വീട്ടുസാധനങ്ങൾ വാടകവീട്ടിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121432/the-house-was-in-a-state-of-danger-when-the-piling-of-the-bridge-broke-due-to-the-shaking)