---
title: "ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തുരുത്തിയിൽ നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികൾ "
english_title: "Pappinissery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121835/pappinissery"
published_at: "2023-06-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648708acccd88_IMG-20230612-WA0045.jpg"
keywords: []
---

# ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തുരുത്തിയിൽ നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികൾ 

> **Lead Summary:**  **പാപ്പിനിശ്ശേരി** : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തുരുത്തിയിൽ നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികൾ. ചില നിർമാണങ്ങൾ അടിക്കടി മാറ്റുന്നതുതന്നെ വേണ്ടത്ര പഠനം നടത്താതെ. തുരുത്തിയിലെ തോട് മൂന്നുതവണ മൂടുകയും രണ്ടുതവണ തുറക്കുകയുംചെയ്തത് തന്നെ ഭൂമിശാസ്ത്രപരമായ യാതൊരു പഠനവും നടത്താതെയാണെന്നത് വ്യക്തമാണ്.

## Article Content

 **പാപ്പിനിശ്ശേരി** : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തുരുത്തിയിൽ നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികൾ. ചില നിർമാണങ്ങൾ അടിക്കടി മാറ്റുന്നതുതന്നെ വേണ്ടത്ര പഠനം നടത്താതെ. തുരുത്തിയിലെ തോട് മൂന്നുതവണ മൂടുകയും രണ്ടുതവണ തുറക്കുകയുംചെയ്തത് തന്നെ ഭൂമിശാസ്ത്രപരമായ യാതൊരു പഠനവും നടത്താതെയാണെന്നത് വ്യക്തമാണ്.

തുരുത്തിയിലെ അലൈൻമെന്റിന് രൂപംകൊടുത്തതും ഒരു പഠനവും നടത്താതെയാണെന്ന ആക്ഷേപത്തിന് ബലംനൽകുന്ന വിവിധ നിർമാണങ്ങളാണ് തുരുത്തിയിലാകെ നടക്കുന്നത്. തോട് മൂടുന്നതിന് പുറമെ തുരുത്തി പ്രദേശത്ത് നിർമിക്കുന്ന അടിപ്പാതയും ഗ്രാമീണ റോഡുകളെ ഒഴിവാക്കി ഒരു ചെറിയ നടപ്പാത കടന്നുപോകുന്ന ഭാഗത്താണ് ഉയരുന്നത്. പതിറ്റാണ്ടുകളായി പാപ്പിനിശ്ശേരി പ്രദേശത്തെ മഴവെള്ളം ഒഴുകുന്ന തുരുത്തി തോട് അടച്ചതോടെ ആരംഭിച്ച പ്രശ്നങ്ങൾമൂലം ദേശീയപാതാ അതോറിറ്റി കോടതികയറേണ്ടിവന്നു. മാർച്ച് മധ്യത്തോടെയാണ് പാതാവികസനത്തിന്റെ ഭാഗമായി തോട് അടച്ചത്. തുടർന്ന് തുരുത്തിയിലെ വീട്ടമ്മമാർ പ്രവൃത്തി തന്നെ തടയുന്ന അവസ്ഥയുണ്ടായി. തോട് അടഞ്ഞാൽ മഴക്കാലത്ത് തുരുത്തിയുടെ കിഴക്കുഭാഗം വെള്ളക്കെട്ടിലാകുമെന്ന ഭീതിയാണ് നൂറുകണക്കിന് കുടുംബങ്ങൾക്കുള്ളത്. പ്രശ്നം പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത്‌ തോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. തുടർന്ന് തോടിന്റെ ഒരുഭാഗത്തെ മണ്ണ് നീക്കംചെയ്ത് നീരൊഴുക്കിനുള്ള സംവിധാനമൊരുക്കിയിരുന്നു. ഇതോടൊപ്പം 200 മീറ്റർ നീളത്തിൽ പുതിയ പാതയുടെ അകത്തുകൂടി കലുങ്ക് നിർമിക്കുമെന്നും ദേശീയപാത അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും തോട് മൂടുന്ന അവസ്ഥയാണ് ഉണ്ടായത്. കേസ് പരിഗണിച്ച കോടതി അടിയന്തരമായും നീരൊഴുക്കിനുള്ള സംവിധാനം ഏർപ്പെടുത്താൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർന്നും ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. അതിനിടെ കാലവർഷത്തിന്റെ ഭാഗമായി തോട് മൂടാത്ത ഭാഗത്ത് വെള്ളം നിറഞ്ഞ് കെട്ടിക്കിടന്നതോടെയാണ് ഞായറാഴ്ച രാവിലെമുതൽ തോട്ടിലെ മണ്ണ് നീക്കി നീരൊഴുക്കിനുള്ള താത്ക്കാലിക സംവിധാനമൊരുക്കിയത്.

കാലവർഷം ശക്തമാകുന്നതോടെ തുരുത്തി പ്രദേശത്ത് ജനങ്ങൾക്ക് വലിയതോതിൽ പ്രയാസം നേരിടുമെന്നുറപ്പാണ്. തോടുകൾ മൂടിയതും ഗ്രാമീണ റോഡുകൾ എല്ലാം അടഞ്ഞതും പ്രദേശവാസികളെയാകെ ആശങ്കപ്പെടുത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121835/pappinissery)