---
title: "ഓണത്തിന് ഒരു കൊട്ടപ്പൂവ്: ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നടന്നു"
english_title: "A basket of flowers for Onam: Chendumalli plantation was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122097/a-basket-of-flowers-for-onam-chendumalli-plantation-was-inaugurated"
published_at: "2023-06-13T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884ef9cfbf0_Screenshot_2023-06-13-16-35-28-16_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഓണത്തിന് ഒരു കൊട്ടപ്പൂവ്: ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നടന്നു

> **Lead Summary:**  **ചെറുപുഴ**: പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന ആശയവുമായി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. രണ്ടു നിറങ്ങളിലായി ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 2500ല്‍ അധികം ചെണ്ടുമല്ലികളാണ് കൃഷി ചെയ്യുന്നത്.

## Article Content

 **ചെറുപുഴ**: പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന ആശയവുമായി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. രണ്ടു നിറങ്ങളിലായി ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 2500ല്‍ അധികം ചെണ്ടുമല്ലികളാണ് കൃഷി ചെയ്യുന്നത്.

പെരിങ്ങോം സര്‍വീസ് സഹകരണ ബാങ്കിന് സമീപവും കാര്‍ഷീക കര്‍മ്മ സേനയുടെ സ്ഥലത്തുമാണ് കൃഷി നടത്തുന്നത്. ഈ ഓണക്കാലത്ത് പെരിങ്ങോം വയക്കര പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഉല്പാദിപ്പിക്കുക എന്നതാണ് കര്‍മ്മ സേനയുടെ ലക്ഷ്യം. തമിഴ്‌നാട്ടില്‍ നിന്നും മറ്റുമായി വലിയ വില കൊടുത്താണ് നിലവില്‍ പൂവുകള്‍ എത്തിക്കുന്നത്.

ഇതിന് പകരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍ പഞ്ചായത്തിലെ വിപണികളില്‍ എത്തിക്കുന്നതോടൊപ്പം കാര്‍ഷിക രംഗത്തെ സജീവമാക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണിത്. പെരിങ്ങോം സര്‍വീസ് സഹകരണ ബാങ്കിന് സമീപം നടന്ന നടീല്‍ ഉദ്ഘാടനത്തിന് പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജന്‍കുട്ടി അധ്യക്ഷയായി.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാത്തിമ ബീവി, പെരിങ്ങോം വയക്കര കൃഷി ഓഫീസര്‍ അജയകുമാര്‍ , ബാങ്ക് പ്രസി.കെ കണ്ണന്‍ , സെക്ര. ഗീത , പഞ്ചായത്തംഗം ചിന്താമണി, കാര്‍ഷിക കര്‍മ സേന സൂപ്പര്‍ വൈസര്‍ മനേഷ് മോഹന്‍ ,കൃഷി അസിസ്റ്റന്റ് എ സിന്ധു ,കര്‍മ്മ സേന ട്രഷറര്‍ ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122097/a-basket-of-flowers-for-onam-chendumalli-plantation-was-inaugurated)