---
title: "നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122217/koothuparamba"
published_at: "2023-06-14T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64893d72d5f5e_IMG-20230614-WA0007.jpg"
keywords: []
---

# നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. 

> **Lead Summary:** **കൂത്തുപറമ്പ്** : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. നവീകരണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യവത്കരണ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. നിർമലഗിരിമുതൽ പൂക്കോട് വരെയുള്ള റോഡിലെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് പൂച്ചെടികളും ഇലച്ചെടികളും വെച്ചുപിടിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

## Article Content

**കൂത്തുപറമ്പ്** : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. നവീകരണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യവത്കരണ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. നിർമലഗിരിമുതൽ പൂക്കോട് വരെയുള്ള റോഡിലെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് പൂച്ചെടികളും ഇലച്ചെടികളും വെച്ചുപിടിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിനുവേണ്ടി ഡിവൈഡറുകളിലെ പുല്ലും മേൽമണ്ണും നീക്കി എല്ലാം കോൺക്രീറ്റ് ചെയ്തിരുന്നു. ഒരുവർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. അതുപോലെ മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം റോഡ് പണി പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പാക്കിയില്ല. നഗര സൗന്ദര്യവത്കരണത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ പോലീസിന്റെയും വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സൗന്ദര്യവത്കരണം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പ്രകൃതിസ്നേഹികളിൽ ചിലർ നിർമലഗിരിയിലും പൂക്കോട്ടും ഡിവൈഡറുകളിൽ ചെടികളും മറ്റും വെച്ചുപിടിപ്പിച്ചിരുന്നു. ഇതെല്ലാം പിഴുതുമാറ്റിയാണ് ഡിവൈഡറുകളിൽ കോൺക്രീറ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122217/koothuparamba)