---
title: "വിനോദസഞ്ചാര കേന്ദ്രമായി നിശ്ചയിച്ച നിടുകുളംകടവ് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122218/kannur"
published_at: "2023-06-14T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64893fd8ad1f4_IMG-20230614-WA0009.jpg"
keywords: []
---

# വിനോദസഞ്ചാര കേന്ദ്രമായി നിശ്ചയിച്ച നിടുകുളംകടവ് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറായി

> **Lead Summary:** **കണ്ണൂർ** : കൂടാളി പഞ്ചായത്തിന്റെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി നിശ്ചയിച്ച നിടുകുളംകടവ് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറായി. പദ്ധതി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചു.

## Article Content

**കണ്ണൂർ** : കൂടാളി പഞ്ചായത്തിന്റെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി നിശ്ചയിച്ച നിടുകുളംകടവ് പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറായി. പദ്ധതി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചു.

വളപട്ടണം പുഴയുടെ തീരത്താണ് കേന്ദ്രമൊരുക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ചി’ൽ ഉൾപ്പെടുത്തി ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ ശുപാർശ ചെയ്യുന്ന ജില്ലയിലെ മൂന്നാമത്ത വിനോദസഞ്ചാരകേന്ദ്രമാണിത്. പായം, നടുവിൽ പഞ്ചായത്തുകളുടെ പദ്ധതികൾക്കാണ് നേരത്തേ അംഗീകാരം നൽകിയത്. പദ്ധതിയുടെ 60 ശതമാനം വിനോദസഞ്ചാരവകുപ്പും 40 ശതമാനം തദ്ദേശ വകുപ്പും വഹിക്കണം. വിനോദസഞ്ചാരവകുപ്പ് ചെലവാക്കുന്ന പരമാവധി സംഖ്യ 50 ലക്ഷമായിരിക്കും. പദ്ധതിക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ 30 ലക്ഷം രൂപയാണ് ഗ്രാമപ്പഞ്ചായത്ത് നീക്കിവെച്ചത്. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന്റെ സഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ പറഞ്ഞു. വെള്ളം കയറുന്ന സ്ഥലമായതിനാൽ പുഴയോരഭിത്തി നിർമിക്കണം. ഇതിന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ഓപ്പൺ എയർ തിയറ്റർ, ചിൽഡ്രൻസ് പാർക്ക്, കഫെ, ശൗചാലയം, നടപ്പാത എന്നിവയാണ് കേന്ദ്രത്തിൽ വിഭാവനംചെയ്യുന്നത്. ഉല്ലാസബോട്ടുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കും. വിനോദസഞ്ചാരവകുപ്പ്-പഞ്ചായത്ത്-റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ സൂരജ്, അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.സി.ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122218/kannur)