---
title: "ആയുധക്കടത്ത് കേസ്:   ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ  പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122613/arrested"
published_at: "2023-06-15T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b0d134276c_Screenshot_20230615-183706_Facebook.jpg"
keywords: []
---

# ആയുധക്കടത്ത് കേസ്:   ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ  പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **ബെംഗളൂരു**: ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്. ജൂൺ 9-ന് വൈകിട്ടോടെയാണ് നീരജ് ജോസഫ് എന്ന മലയാളിയെ ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളുമായി കർണാടക പൊലീസ് പിടികൂടുന്നത്.

## Article Content

**ബെംഗളൂരു**: ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്. ജൂൺ 9-ന് വൈകിട്ടോടെയാണ് നീരജ് ജോസഫ് എന്ന മലയാളിയെ ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളുമായി കർണാടക പൊലീസ് പിടികൂടുന്നത്.

ഒരു ബിഎംഡബ്ല്യു കാറിൽ കേരളത്തിലേക്ക് തോക്ക് കടത്താനോ, കേരളത്തിൽ നിന്നുള്ള ചിലർക്ക് ആയുധം വിൽക്കാനോ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് നിഗമനം. ആയുധക്കടത്ത് കേസായതിനാൽ ഗൗരവത്തോടെ തന്നെ ബെംഗളുരു പൊലീസ് കേസ് അന്വേഷിച്ചു. നീരജ് ജോസഫിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മ്യാൻമറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചത്. 70,000 രൂപയ്ക്കാണ് ആയുധങ്ങൾ വാങ്ങിയതെന്നാണ് നീരജ് വ്യക്തമാക്കിയത്. ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടി കെ രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. കോടതിയെ സമീപിച്ച് പ്രൊഡക്ഷൻ വാറണ്ടുമായി കണ്ണൂരിലെത്തിയ കബ്ബൺ പാർക്ക് പൊലീസ് ടി കെ രജീഷിനെ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ബെംഗളുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122613/arrested)