---
title: "സംസ്ഥാനത്തെ 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി"
english_title: "554.45 crore for upgrading 112 rural roads in the state "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122903/55445-crore-for-upgrading-112-rural-roads-in-the-state"
published_at: "2023-06-16T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7db9741c4_zdcvgzbxb.jpg"
keywords: []
---

# സംസ്ഥാനത്തെ 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയില്‍ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328.45 കോടി രൂപ കേന്ദ്രസര്‍ക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയില്‍ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328.45 കോടി രൂപ കേന്ദ്രസര്‍ക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി.എം.ജി.എസ്.വൈ. എംപവേര്‍ഡ് കമ്മിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ.എസ്.എസ്.ആര്‍.ഡി.എ. ആണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. തിരുവനന്തപുരം- 8, കൊല്ലം- 3, ആലപ്പുഴ- 1, പത്തനംതിട്ട- 4, കോട്ടയം- 13, ഇടുക്കി- 13, എറണാകുളം- 9, തൃശൂര്‍- 7, പാലക്കാട്- 8, മലപ്പുറം- 14, വയനാട്- 5, കോഴിക്കോട്- 11, കണ്ണൂര്‍- 8, കാസര്‍കോട്- 8 റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പി.എം.ജി.എസ്.വൈയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്.

5172.24 കോടിയാണ് പദ്ധതി തുക. ഇതില്‍ 3597 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂര്‍ത്തിയായത്. പുതുതായി അനുവദിച്ചത് ഉള്‍പ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിര്‍മാണം ഇനി പൂര്‍ത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122903/55445-crore-for-upgrading-112-rural-roads-in-the-state)