---
title: "വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം. "
english_title: "You can create multiple accounts on WhatsApp simultaneously. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123126/you-can-create-multiple-accounts-on-whatsapp-simultaneously"
published_at: "2023-06-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ddc9e51b76_dfgdgdfgtgyhjk,.jpg"
keywords: []
---

# വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം. 

> **Lead Summary:** ആളുകൾ പല ആവശ്യങ്ങൾക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള വഴി തേടുകയാണ് പതിവ്. എന്നാൽ, ഇനി ആ വളഞ്ഞ വഴിക്ക് പോകേണ്ടതില്ല.

## Article Content

ആളുകൾ പല ആവശ്യങ്ങൾക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള വഴി തേടുകയാണ് പതിവ്. എന്നാൽ, ഇനി ആ വളഞ്ഞ വഴിക്ക് പോകേണ്ടതില്ല.

വാട്സ്ആപ്പിൽ മൾട്ടി അക്കൗണ്ട് (multi-account) സേവനം അവതരിപ്പിക്കാൻ പോവുകയാണ്. അതായത്, നിങ്ങളുടെ വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ ​ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് വാട്സ്ആപ്പ് ബിസിനസ് ബീറ്റ ആൻഡ്രോയ്ഡ് 2.23.13.5 പതിപ്പിൽ ഏറ്റവും പുതിയ മൾട്ടി-അക്കൗണ്ട് ഫീച്ചർ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന വാട്സ്ആപ്പിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുറക്കാൻ ഈ ഫീച്ചർ അനുവദിക്കും. ആപ്പിന്റെ റെഗുലർ പതിപ്പിലും ഈ ഫീച്ചർ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്.

സ്ക്രീൻഷോട്ട് പ്രകാരം, നിങ്ങൾക്ക് വാട്ട്‌സ്ആപ്പിന്റെ സെറ്റിങ്സ് മെനുവിൽ പോയി മൾട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വർക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം. ടെലിഗ്രാം അവരുടെ ആപ്പിൽ ഇതിനകം മൾട്ടി-അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകൾ, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123126/you-can-create-multiple-accounts-on-whatsapp-simultaneously)