---
title: "ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാപഞ്ചായത്ത് : താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് വേണം  "
english_title: "Karshaka Maha Panchayat in Eco Garden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12343/Karshaka-Maha-Panchayat-in-Eco-Garden"
published_at: "2021-11-23T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c992e45677_Screenshot_20211123_123106.jpg"
keywords: []
---

# ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാപഞ്ചായത്ത് : താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് വേണം  

> **Lead Summary:** ഉത്തർപ്രദേശ്: ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍ എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് നടത്തി.

## Article Content

ഉത്തർപ്രദേശ്: ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍ എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് നടത്തി.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍‌ന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത് .

നവംബര്‍26നാണ് 'ദില്ലി ചലോ' മുദ്രാവാക്യമുയര്‍ത്തി പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലേക്കെത്തിയത്. എന്നാല്‍ കര്‍ഷകരെ ദില്ലി സംസ്ഥാന അതിര്‍ത്തിയിലേക്ക് കടത്താതെ കേന്ദ്ര സര്‍ക്കാര്‍ ദില്ലി പൊലീസിനെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും ഉപയോഗിച്ച് കര്‍ഷകരെ സിഘു, തിക്രിത്, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ബലം പ്രയോഗിച്ച് തടഞ്ഞു.

അന്ന് തുടങ്ങിയ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കാന്‍ വെറും ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസിക്കാന്‍ കഴിയില്ലെന്നും നിയമങ്ങള്‍ പിന്‍വലിച്ചതായി പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് ചേര്‍ന്നത്.

മഹാപഞ്ചായത്തില്‍ ബികെയു നേതാവ് രാകേഷ് ടിക്കായത്ത് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിയമങ്ങള്‍ ദോഷകരമാണെന്ന് കേന്ദ്രത്തിന് വ്യക്തമാകാന്‍ ഒരു വര്‍ഷമെടുത്തു. മനസിലാകുന്ന ഭാഷയിലാണ് ഞങ്ങള്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.കെട്ടിടങ്ങളിലിരിക്കുന്നവര്‍ സംസാരിച്ചത് വേറെ ഭാഷയിലാണ്.

പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ ഇനിയും അവശേഷിക്കുന്നു. അവയിലെല്ലാം തീരുമാനമാകും വരെ സമാധാനപരമായി പ്രതിഷേധിക്കും. കേന്ദ്രത്തിന്‍റെ പ്രഖ്യാപനം ആത്മാര്‍ത്ഥമാണെന്ന് വ്യക്തമായാല്‍ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങുമെന്നും ലഖ്നൌവില്‍ ഇന്നലെ നടന്ന മഹാപഞ്ചായത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12343/Karshaka-Maha-Panchayat-in-Eco-Garden)