---
title: "സൗഹൃദമത്സരത്തിന് ഇന്ത്യയെ ക്ഷണിച്ച് അർജന്റീന: പിന്മാറി എ.ഐ.എഫ്.എഫ്"
english_title: "AIFF"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123784/aiff"
published_at: "2023-06-20T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918f233b753_Screenshot_2023-06-20-16-54-57-19_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# സൗഹൃദമത്സരത്തിന് ഇന്ത്യയെ ക്ഷണിച്ച് അർജന്റീന: പിന്മാറി എ.ഐ.എഫ്.എഫ്

> **Lead Summary:** **ന്യൂഡൽഹി**: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൂപ്പർ താരം ലയണൽ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ അർജന്റീനയുമായുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചിലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

## Article Content

**ന്യൂഡൽഹി**: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൂപ്പർ താരം ലയണൽ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ അർജന്റീനയുമായുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചിലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

 ജൂൺ 12-നും 20-നും ഇടയിൽ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യൻ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അർജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവർ തിരഞ്ഞെടുത്തത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് തലവൻ പാബ്ലോ ജാക്വിൻ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു.

പക്ഷേ കളത്തിലിറങ്ങുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ്  കളിക്കാൻ അർജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123784/aiff)