---
title: "ജീവനക്കാരില്ല പ്ലേറ്റ്ലെറ്റ്‌ സ്റ്റോക്കും: പകർച്ചപ്പനി വ്യാപനം അതിരൂക്ഷം "
english_title: "Feaver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124380/feaver"
published_at: "2023-06-23T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64951db05c1c7_images_-_2023-06-20T105009.866.jpeg"
keywords: []
---

# ജീവനക്കാരില്ല പ്ലേറ്റ്ലെറ്റ്‌ സ്റ്റോക്കും: പകർച്ചപ്പനി വ്യാപനം അതിരൂക്ഷം 

> **Lead Summary:** **തിരുവനന്തപുരം** : സർക്കാരിന്റെ മുൻകരുതൽ പാളിയതോടെ പകർച്ചപ്പനി വ്യാപനം അതിരൂക്ഷമായി. ഡെങ്കി ബാധിതർക്ക് നൽകാൻ ആശുപത്രികളിൽ പ്ലേറ്റ്‌ലെറ്റുമില്ല. എലിപ്പനി കേസുകളും ദിനംപ്രതി കൂടുകയാണ്. താലൂക്ക്,​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതിയും ഉയർന്നു.

## Article Content

**തിരുവനന്തപുരം** : സർക്കാരിന്റെ മുൻകരുതൽ പാളിയതോടെ പകർച്ചപ്പനി വ്യാപനം അതിരൂക്ഷമായി. ഡെങ്കി ബാധിതർക്ക് നൽകാൻ ആശുപത്രികളിൽ പ്ലേറ്റ്‌ലെറ്റുമില്ല. എലിപ്പനി കേസുകളും ദിനംപ്രതി കൂടുകയാണ്. താലൂക്ക്,​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതിയും ഉയർന്നു.

10 ദിസവത്തിനിടെ 11,​462 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ പനിബാധിതർ 1.12 ലക്ഷം പേരും. ഇന്നലെ മാത്രം 13,409 പേർ ചികിത്സ തേടി. ഏറെയും മലപ്പുറത്താണ്- 2051 പേർ. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ ഇന്നലെ ചികിത്സതേടിയവർ ആയിരത്തിലധികമാണ്.വകുപ്പുകൾ സംയുക്തമായി നടത്താറുള്ള മഴക്കാല പൂർവ ശുചീകരണം ഇത്തവണ പേരിന് മാത്രമായത് കൊതുകും എലിയും പെറ്റുപെരുകാൻ കാരണമായി.

ഫോഗിംഗ് ഉൾപ്പെടെ പ്രവർത്തനങ്ങളും നടന്നില്ല. മഴ കനത്താൽ സ്ഥിതി കൂടുതൽ വഷളാകും. അതിനിടെ കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച ഗോകുൽദാസി​ന് (13) എച്ച്‌ വൺ,എൻ വൺ സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയായി. ഈവർഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 113 ആയി. ഡെങ്കിയും എലിപ്പനിയുമാണ് കൂടുതൽ പേരുടെ ജീവനെടുത്തത്.ഡെങ്കി സ്ഥിരീകരിച്ചവർക്ക് ബ്ളഡ് കൗണ്ട് കുറവാണെങ്കിൽ പ്ലേറ്റ്‌ലെറ്റ് നൽകയേ തീരൂ. താലൂക്ക്,​ ജില്ലാ ആശുപത്രികളിൽ സ്റ്റോക്കില്ലാത്തതിനാൽ മെഡിക്കൽ കോളേജുകളിൽ അയയ്ക്കുന്നു.

ഇതോടെ മെഡിക്കൽ കോളേജുകളിലെ ബ്ലഡ് ബാങ്കുകളിലും ക്ഷാമമായി. മഴക്കാലത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന മുൻ അനുഭവം മുന്നിലുണ്ടായിട്ടും ആശുപത്രികൾ ഇത്തവണ പ്ലേറ്റ്‌ലെറ്റ് സംഭരിച്ചില്ല.ഡെങ്കിപ്പനി പ്രതിരോധിക്കാൻ ആശുപത്രി വാർഡുകൾക്ക് കൊതുകുവല നൽകിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെട ഒന്നിലധികം രോഗികളെ ഒരു കട്ടിലിൽ കിടത്തുന്നു. ഈ വാർഡുകളിൽ കൊതുകുവല എങ്ങനെ കെട്ടുമെന്ന് അറിയാതെ വലയുകയാണ് ജീവനക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124380/feaver)