---
title: "ജില്ലയിലെ ക്ഷീരകർഷകർക്ക് മിൽമ ഇൻഷുറൻസ് പരിരക്ഷാത്തുക കൈമാറി."
english_title: "Insurence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124385/insurence"
published_at: "2023-06-23T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495215a49c48_IMG-20230623-WA0010.jpg"
keywords: []
---

# ജില്ലയിലെ ക്ഷീരകർഷകർക്ക് മിൽമ ഇൻഷുറൻസ് പരിരക്ഷാത്തുക കൈമാറി.

> **Lead Summary:** **ധർമശാല** : കടുത്ത വേനലിൽ പാലുത്‌പാദനം കുറഞ്ഞ, ജില്ലയിലെ ക്ഷീരകർഷകർക്ക് മിൽമ ഇൻഷുറൻസ് പരിരക്ഷാത്തുക കൈമാറി. ഈ ഇനത്തിൽ 20.5 ലക്ഷം രൂപയാണ് കർഷകർക്ക് നൽകിയത്. മിൽമ ചെയർമാൻ കെ.എസ്. മണി തുക വിതരണം ചെയ്തു.

## Article Content

**ധർമശാല** : കടുത്ത വേനലിൽ പാലുത്‌പാദനം കുറഞ്ഞ, ജില്ലയിലെ ക്ഷീരകർഷകർക്ക് മിൽമ ഇൻഷുറൻസ് പരിരക്ഷാത്തുക കൈമാറി. ഈ ഇനത്തിൽ 20.5 ലക്ഷം രൂപയാണ് കർഷകർക്ക് നൽകിയത്. മിൽമ ചെയർമാൻ കെ.എസ്. മണി തുക വിതരണം ചെയ്തു.

എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് മുഖേന അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്തരീക്ഷ താപനില നിശ്ചിത ദിവസങ്ങളിൽ തുടർച്ചയായി ഉയർന്നുനിന്നാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. രാജ്യത്തെ ക്ഷീരമേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പരിരക്ഷാപദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 56 ക്ഷീരസംഘങ്ങളിൽനിന്നായി 1315 കർഷകരുടെ 2278 പശുക്കളാണ് പദ്ധതിയുടെ ഭാഗമായത്. പശുവൊന്നിന് ഇൻഷുറൻസ് തുകയായി ശരാശരി 900 രൂപയാണ് ലഭിച്ചത്. മലബാർ മിൽമ മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി അധ്യക്ഷനായി.

ജനറൽ മാനേജർ കെ.സി. ജെയിംസ് പദ്ധതി വിശദീകരിച്ചു. ഇൻഷുറൻസ് തുകയുടെ ചെക്ക് അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (എ.ഐ.സി.) ഡി.ജി.എം. ഭാരതി വജ്രവേലു കെ.എസ്. മണിക്ക് കൈമാറി. എ.ഐ.സി. റീജണൽ മാനേജർ വരുൺ, സ്റ്റേറ്റ് ബിസിനസ് ഡെവലപ്പ്‌മെന്റ് മേധാവി പി.ആർ. പ്രസീത, ഇൻഷുൻസ് ബ്രോക്കിങ് അസിസ്റ്റന്റ് ജനറൽ മാനേജർ ജോസ് സൈമൺ, എം.ഐ.ബി.എസ്.എ. പ്രതിനിധി എം.കെ. ബാലചന്ദ്രൻ, മിൽമ കണ്ണൂർ ഡെയറി മാനേജർ ടി.ആർ. ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124385/insurence)