---
title: "എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക"
english_title: " Immunization pill against leptospirosis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12456/immunization-pill-against-leptospirosis"
published_at: "2021-11-24T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619d96585d73d_images - 2021-11-24T070301.817.jpeg"
keywords: []
---

# എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക

> **Lead Summary:** **കണ്ണൂർ : **എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.

## Article Content

**കണ്ണൂർ : **എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.

വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതല്‍ കാണുന്നു. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുകയും പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുകയും വേണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യം കലര്‍ന്ന് മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക.

മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും പ്രതിരോധ ഗുളിക കഴിക്കണം. ഒറ്റ ഡോസ് ഒരാഴ്ച മാത്രം സുരക്ഷ നല്‍കുന്നതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകള്‍ കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഇവ സൗജന്യമായി ലഭിക്കും. സംശയനിവാരണത്തിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12456/immunization-pill-against-leptospirosis)