---
title: "വൈശാഖ മഹോത്സവം തീർത്ഥാടനം സുഗമമാക്കണം: എൻഎസ്എസ് കരയോഗം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124592/kottiyoor"
published_at: "2023-06-24T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649650353849e_FB_IMG_1687569139402.jpg"
keywords: []
---

# വൈശാഖ മഹോത്സവം തീർത്ഥാടനം സുഗമമാക്കണം: എൻഎസ്എസ് കരയോഗം

> **Lead Summary:** **കൊട്ടിയൂർ**: ശ്രീ കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ വർഷത്തെ തീർത്ഥാടനം ധന്യതയിലും പൂർണ്ണതയിലും എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഗൗരവ ചിന്ത വേണ്ട വിഷയമാണ് തിരക്ക് നിയന്ത്രണം. അനിയന്ത്രിതമായ ഭക്തജന തിരക്ക് പ്രവർത്തി ദിനങ്ങളിൽ പോലും ഈ വർഷം കൊട്ടിയൂരിൽ അനുഭവപ്പെട്ടു. കിലോമീറ്ററുകൾ നീളുന്ന വാഹന തിരക്കും വാഹനം വഴിയിൽ നിർത്തി കാൽ നടയായി കാതങ്ങൾ താണ്ടുന്ന ഭക്ത ജനങ്ങളും കൊട്ടിയൂർ തീർഥ്ഥാടനവേളയിലേ സാധാരണ കാഴ്ചയാണ്.

## Article Content

**കൊട്ടിയൂർ**: ശ്രീ കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ വർഷത്തെ തീർത്ഥാടനം ധന്യതയിലും പൂർണ്ണതയിലും എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഗൗരവ ചിന്ത വേണ്ട വിഷയമാണ് തിരക്ക് നിയന്ത്രണം. അനിയന്ത്രിതമായ ഭക്തജന തിരക്ക് പ്രവർത്തി ദിനങ്ങളിൽ പോലും ഈ വർഷം കൊട്ടിയൂരിൽ അനുഭവപ്പെട്ടു. കിലോമീറ്ററുകൾ നീളുന്ന വാഹന തിരക്കും വാഹനം വഴിയിൽ നിർത്തി കാൽ നടയായി കാതങ്ങൾ താണ്ടുന്ന ഭക്ത ജനങ്ങളും കൊട്ടിയൂർ തീർഥ്ഥാടനവേളയിലേ സാധാരണ കാഴ്ചയാണ്.

എന്നാൽ കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇത്രയും വലിയ ഭക്തജനപ്രവാഹനത്തെ ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഒരു നീണ്ട കാലത്തെ കോവിഡ് തരംഗങ്ങളുടെ ആലസ്യവും ആരോഗ്യസുരക്ഷാ പ്രശ്നങ്ങളും മറികടന്ന് ഇത്തവണ ഉണ്ടായ ഭക്തജനതിരക്ക് കൈകാര്യം ചെയ്യുവാൻ ദേവസ്വം അധികൃതർ നന്നേ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് സംജാതമായത്.

എന്നാൽ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനം ഭക്തജനങ്ങൾക്ക് സാധ്യമാവാനും വേണ്ടത്ര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ ഫലപ്രദമായി ചെയ്യാനാവും. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഭൗതിക ഘടനയിൽ മാറ്റം വരുത്തൽ ആചാരവിധിപ്രകാരം സാധ്യമല്ല ആണെന്നിരിക്കെ മണിത്തറയിലെ തിരക്കു കുറക്കുവാൻ ആകെ ഉള്ള പോംവഴി പ്രസാദം നൽകുന്ന പുതിയ കൗണ്ടറുകൾ സ്ഥാപിക്കുക എന്നത് മാത്രമാണ് .

> തിക്കിലും തിരക്കിലും ഞെരുങ്ങി ഏങ്ങിനെ എങ്കിലും ഒരു നോക്ക് ഭഗവാനെക്കണ്ടും കാണാതെയും പ്രസാദം "പിടിച്ചെടുത്ത്" തിരികെ മാറുന്നത് മാത്രം ആവരുത് കൊട്ടിയൂരിലെ ക്ഷേത്ര ദർശനാനുഭവം. നിലവിൽ പടിഞ്ഞാറെ ഭാഗത്തെ ശ്രീകോവിലിന് മുന്നിൽ പ്രസാദം വാങ്ങാൻ ശ്വാസം മുട്ടി നിൽക്കുന്ന ഭക്തരുടെ അനന്തമായ ക്യൂ ആണ് പതിവ് കാഴ്ച . എന്നാൽ പ്രസാദ വിതരണം ശ്രീകോവിലിന് മുന്നിൽ നിന്ന് മാറ്റി പുതിയ വിതരണ കൗണ്ടറുകൾ പ്രദക്ഷിണ വീഥിക്ക് പുറത്ത് ആരംഭിക്കുന്നതോടെ ശ്രീകോവിൽ ഭാഗത്തുള്ള തിരക്ക് കുറക്കാൻ ഫലപ്രദമായി സാധിക്കും. മുൻവശത്ത് ദർശനത്തിന് കാലതാമസം ഒഴിവാകുന്നതിനാൽ പ്രദക്ഷിണ വഴിയിലും ഇതുവഴി തിരക്ക് നിയന്ത്രണ വിധേയമാക്കാം.

തിരക്കനുഭവപെടുന്ന മറ്റ് പല ക്ഷേത്രങ്ങളിലും ഇത് സാധാരണ രീതി ആണ് താനും. അതുപോലെ ഇക്കരെ കൊട്ടിയൂരിലെ ഇൻഫർമേഷൻ സെന്റർ കാത്തിരിപ്പു കേന്ദ്രങ്ങൾ പുതിയ ടൂറിസം ബിൽഡിംഗിലേക്ക് മാറ്റി പ്രവേശന കവാടത്തിലെ ആൾക്കൂട്ടവും ഒഴിവാക്കാനാവുംം ഈ പുനക്രമീകരണങ്ങൾ ഉടനടി നടപ്പിൽ വരുത്തിയും കൂടുതൽ സ്ഥലം പാർക്കിംഗിനായി കണ്ടെത്തിയും തീർത്ഥാടനം സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് 2485നമ്പർ കൊട്ടിയൂർ എൻഎസ്എസ് കരയോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124592/kottiyoor)