---
title: "'ചങ്ക് കൊടുത്തും സംരക്ഷിക്കും, കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല'; വിഡി സതീശൻ"
english_title: "Vd satheesan support k sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124724/vd-satheesan-support-k-sudhakaran"
published_at: "2023-06-24T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496b5c004590_images_(5).jpeg"
keywords: []
---

# 'ചങ്ക് കൊടുത്തും സംരക്ഷിക്കും, കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല'; വിഡി സതീശൻ

> **Lead Summary:** തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ കെ സുധാകരന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ക് കൊടുത്തും സുധാകരനെ തങ്ങൾ സംരക്ഷിക്കുമെന്നും കെട്ടിച്ചമച്ച കേസിന്റെ പേരിൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാൻ അദ്ദേഹം തയ്യാറായാൽ പോലും അതിന് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ കെ സുധാകരന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ക് കൊടുത്തും സുധാകരനെ തങ്ങൾ സംരക്ഷിക്കുമെന്നും കെട്ടിച്ചമച്ച കേസിന്റെ പേരിൽ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാൻ അദ്ദേഹം തയ്യാറായാൽ പോലും അതിന് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ പി സി സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അവരുടെ വൈര്യനിര്യാതന ബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞ് കിടക്കുകയാണ് സര്‍ക്കാര്‍. ഡിജിറ്റൽ തെളിവുകൾ അടക്കം പുതിയ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാ കെട്ടിച്ചമച്ച തെളിവുകളാണ്. മോന്‍സണ്‍ന്റെ വീട്ടില്‍ നിരവധി തവണ സുധാകരൻ സന്ദര്‍ശനം നടത്തിയെന്നാണ് പറയുന്നത്. സന്ദര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം നിഷേധിച്ചിട്ടില്ല. മോണ്‍സന്റെ വീട് സന്ദര്‍ശിച്ചാല്‍ അത് കുറ്റകൃത്യമാകുമോ? മാത്രമല്ല ഡ്രൈവറുടെ മൊഴിയുണ്ടെന്ന് പറയുന്നു.

2018 മുൻപായി നടക്കുന്ന അന്വേഷണത്തില്‍ മൂന്നിലധികം പ്രാവിശ്യം ഈ ഡ്രൈവറെ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോന്‍സന്റെ ഈ ഡ്രൈവര്‍ കെ സുധാകരനെതിരെ ഒരു പരാമര്‍ശവും നടത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പഴയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതിന് ശേഷം ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ എങ്ങനെയാണ് പുതിയ തെളിവ് കിട്ടുന്നത്. 25 ലക്ഷം കൊടുത്തത് കെ പി സി സി പ്രസിഡന്റ് പറഞ്ഞിട്ടാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 10 കോടി നല്‍കാന്‍ ആരുടെയും സാന്നിധ്യം വേണ്ടാതിരുന്നവര്‍ 25 ലക്ഷം കൊടുത്തത് കെ. സുധാകരന്റെ ഉറപ്പിലാണെന്നത് വിശ്വസിക്കാനാകില്ല. 2.65 ലക്ഷം കോടിയുടെയും പത്ത് കോടിയുടെയും കഥ വിശ്വസനീയമല്ല. ഇവര്‍ക്ക് മോന്‍സണുമായുള്ള നിയമവിരുദ്ധ ഇടപാട് കൂടി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവരെക്കൂടി ഭീഷണിപ്പെടുത്തി സുധാകരനെതിരെ മൊഴിയുണ്ടാക്കി ജയിലില്‍ അടയ്ക്കാനാണ് ശ്രമിച്ചത്. കെ സുധാകരന്‍ ഒറ്റയ്ക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കും. കോണ്‍ഗ്രസും യു ഡി എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ പി സി സി അധ്യക്ഷനെ സംരക്ഷിക്കും. കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായാല്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തില്ല', സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124724/vd-satheesan-support-k-sudhakaran)