---
title: "പുരാവസ്തു തട്ടിപ്പ് കേസിലെ അറസ്റ്റ് - കെ സുധാകരനും വി ഡി സതീശനും ഡൽഹിയിലേക്ക്"
english_title: "Explanation for hicommand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125081/explanation-for-hicommand"
published_at: "2023-06-26T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64991ce1dda4c_k-sudhakaran-vd-satheesan-101268044.jpg"
keywords: []
---

# പുരാവസ്തു തട്ടിപ്പ് കേസിലെ അറസ്റ്റ് - കെ സുധാകരനും വി ഡി സതീശനും ഡൽഹിയിലേക്ക്

> **Lead Summary:** തിരുവനന്തപുരം: പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ഡൽഹിയിലേക്ക് പോകും. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായാണ് കേരള നേതാക്കൾ തലസ്ഥാനത്തേക്ക് പോകുന്നത്. സുധാകരന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളും എഐസിസി നേതൃത്വത്തെ അറിയിക്കും.

## Article Content

തിരുവനന്തപുരം: പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ഡൽഹിയിലേക്ക് പോകും. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായാണ് കേരള നേതാക്കൾ തലസ്ഥാനത്തേക്ക് പോകുന്നത്. സുധാകരന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളും എഐസിസി നേതൃത്വത്തെ അറിയിക്കും.

നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെ അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിലപാട് സ്വീകരിച്ച സുധാകരൻ കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം നിലപാട് തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനൊപ്പം ഡൽഹിയിലേക്ക് പോകുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തർക്കം നിലനിൽക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.

28നാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് തുടങ്ങുന്നത്. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ പാർട്ടിയിൽ അനൈക്യം ഉണ്ടെന്നും ഇത് കേസിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ വീഴ്തയുണ്ടായി എന്നുമാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

അതേസമയം സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസിലെ ഒരു നേതാവാണെന്നാണ് സിപിഎം നേതാവ് എകെ ബാലൻ കഴിഞ്ഞദിവസം പറഞ്ഞത്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് പരാതിക്ക് പിന്നിലെന്നും സിപിഎം നേതാവ് പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രണ്ടു ദിവസത്തിനകം മാനനഷ്ടക്കേസ് നൽകുമെന്നാണ് കെ സുധാകരൻ പറയുന്നത്. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് പാർട്ടി നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125081/explanation-for-hicommand)