---
title: "റോഡിലേക്ക് വളര്‍ന്ന് അപകടങ്ങള്‍ക്ക് കാരണമായി തീരുന്ന മരശിഖരങ്ങള്‍ വെട്ടിമാറ്റി ബസ് ജീവനക്കാരുടെ കൂട്ടായ്മ"
english_title: "Association of bus employees by cutting tree tops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125115/association-of-bus-employees-by-cutting-tree-tops"
published_at: "2023-06-26T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992f1eeb1f3_Screenshot_2023-06-26-11-53-26-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# റോഡിലേക്ക് വളര്‍ന്ന് അപകടങ്ങള്‍ക്ക് കാരണമായി തീരുന്ന മരശിഖരങ്ങള്‍ വെട്ടിമാറ്റി ബസ് ജീവനക്കാരുടെ കൂട്ടായ്മ

> **Lead Summary:** റോഡരികില്‍ നിന്നും റോഡിലേക്ക് വളര്‍ന്ന് അപകടങ്ങള്‍ക്ക് കാരണമായി തീരുന്ന മരശിഖരങ്ങള്‍ വെട്ടിമാറ്റി യാത്ര സുഖമമാക്കണമെന്ന ബസ് ജീവനക്കാരുടെ പരാതി ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായില്ല. ഒടുവില്‍ റോഡിലെ മരശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മ പണിയായുധങ്ങളുമായി റോഡിലിറങ്ങി ശിഖരങ്ങള്‍ വെട്ടി മാറ്റി.

## Article Content

റോഡരികില്‍ നിന്നും റോഡിലേക്ക് വളര്‍ന്ന് അപകടങ്ങള്‍ക്ക് കാരണമായി തീരുന്ന മരശിഖരങ്ങള്‍ വെട്ടിമാറ്റി യാത്ര സുഖമമാക്കണമെന്ന ബസ് ജീവനക്കാരുടെ പരാതി ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായില്ല. ഒടുവില്‍ റോഡിലെ മരശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മ പണിയായുധങ്ങളുമായി റോഡിലിറങ്ങി ശിഖരങ്ങള്‍ വെട്ടി മാറ്റി.

മയ്യില്‍ ചാലോട് റൂട്ടിലെ ബസ് ജീവനക്കാരാണ് മരശിഖരങ്ങള്‍ വെട്ടിമാറ്റി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം റോഡ് സുരക്ഷയെ കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുകയും, നടപടികള്‍ സ്വീകരിക്കുകയുമാണ് പതിവ്. എന്നാല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് മയ്യില്‍ ചാലോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീവനക്കാരുടെ കൂട്ടായ്മ നേതൃത്വത്തില്‍ പണിയായുധങ്ങളുമായി ജോലിയില്‍ അവധിയെടുത്ത് റോഡിലിറങ്ങിയത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേഴ്സി ബസ് സര്‍വീസ് ഉടമ തളിപ്പറമ്പ് സ്വദേശി റഫീക് തന്റെ ഒരു ബസും സൗജന്യമായി വിട്ടുനല്‍കി.

അപകടകരമായ വളവുകളില്‍ അടക്കം ഉയരത്തില്‍ റോഡിനൊപ്പം നിലകൊണ്ട ശിഖരങ്ങള്‍ ബസിനു മുകളില്‍ കയറി ജീവനക്കാര്‍ വെട്ടിമാറ്റി. വാഹനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും അപകടങ്ങള്‍ക്ക് കാരണമായി മാറിയ ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തയാറാകാത്ത അധികൃതരോടുള്ള പ്രതിഷേധം കൂടിയായി ശുചീകരണ പാവന്നൂര്‍മൊട്ട മുതല്‍ കൊളോളം വരെയുള്ള 5 കിലോമീറ്ററിലേറെ ഭാഗങ്ങളിലാണ് കൂട്ടായ്മ നേതൃത്വത്തില്‍ ശുചീകരിച്ചത്‌. മേഴ്സി ബസ് സര്‍വീസ് മാനേജര്‍ സി.പി.മൂസാന്‍കുട്ടി, ബസ് കൂട്ടയ്മ അംഗങ്ങളായ മനോജ് ദക്ഷിണ ബസ് സര്‍വീസ്, ജിനേഷ് ഐശ്വര്യ ബസ് സര്‍വീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാതൃകാപരമായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ബസ് കൂട്ടായ്മയെ നാട്ടുകാര്‍ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125115/association-of-bus-employees-by-cutting-tree-tops)