---
title: "അരികൊമ്പൻ ആരോഗ്യവാൻ - ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട്  വനംവകുപ്പ്"
english_title: "Arikomban new photos"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125118/arikomban-new-photos"
published_at: "2023-06-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992f235f6cd_arikomban-101264820.jpg"
keywords: []
---

# അരികൊമ്പൻ ആരോഗ്യവാൻ - ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട്  വനംവകുപ്പ്

> **Lead Summary:** ചെന്നൈ: അരിക്കൊമ്പന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പുതിയ വീഡിയോ പുറത്തുവിട്ട് തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ വനമേഖലയിലുള്ള അരിക്കൊമ്പൻ തീറ്റയെടുക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന ആരോഗ്യവാനാണെന്നും നന്നായിരിക്കുന്നെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് പറഞ്ഞു. അരിക്കൊമ്പന്‍റെ സമീപത്ത് മറ്റ് ആനകളുടെ കൂട്ടവും ഉണ്ട്. ഇതിന്‍റെ ചിത്രങ്ങളും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

## Article Content

ചെന്നൈ: അരിക്കൊമ്പന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പുതിയ വീഡിയോ പുറത്തുവിട്ട് തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ വനമേഖലയിലുള്ള അരിക്കൊമ്പൻ തീറ്റയെടുക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന ആരോഗ്യവാനാണെന്നും നന്നായിരിക്കുന്നെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് പറഞ്ഞു. അരിക്കൊമ്പന്‍റെ സമീപത്ത് മറ്റ് ആനകളുടെ കൂട്ടവും ഉണ്ട്. ഇതിന്‍റെ ചിത്രങ്ങളും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

പുതിയ സാഹചര്യവുമായി ആന പൂർണ്ണമായും ഇണങ്ങിയെന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് വനം വകുപ്പ് വ്യക്തമാക്കുന്നത്. ആന ആരോഗ്യവാനാണെന്നും മറ്റ് ആനക്കൂട്ടങ്ങളുമായി ഇടകലരാൻ ശ്രമിക്കുന്നുണ്ടെന്നും അപ്പർ കോതയാറിലെ ജീവനക്കാർ റിപ്പോർട്ട് ചെയ്തതായി വനംവകുപ്പ് ട്വീറ്റിൽ പറയുന്നു. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും വനംവകുപ്പ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ വനംവകുപ്പ് പുറത്ത് വിടുന്നത്. നേരത്തെ ആന മെലിഞ്ഞ നിലയിലുള്ള ചിത്രം പുറത്ത് വന്നതോടെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദം തള്ളിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആന പൂർണ്ണ ആരോഗ്യവാനാണെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125118/arikomban-new-photos)