---
title: "സൈബർ ഇടങ്ങളിൽ ചർച്ചയായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട് "
english_title: "K sudhakaran home social media impact"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125650/k-sudhakaran-home-social-media-impact"
published_at: "2023-06-28T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bd87dc4c8f_images_(11).jpeg"
keywords: []
---

# സൈബർ ഇടങ്ങളിൽ ചർച്ചയായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട് 

> **Lead Summary:** കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയുടെ കണ്ണൂർ നടാലിലെ വീട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇടത് ഗ്രൂപ്പുകളിലാണ് വീടിൻ്റെ ചിത്രമടക്കം പങ്കുവെച്ച് കെ സുധാകരൻ്റെ ആഡംബര വീടെന്ന കുറിപ്പോടെ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇതോടെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പോര് വ്യക്തിപരമായ ആക്രമണങ്ങളിലേക്കും തിരിഞ്ഞു.

## Article Content

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയുടെ കണ്ണൂർ നടാലിലെ വീട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇടത് ഗ്രൂപ്പുകളിലാണ് വീടിൻ്റെ ചിത്രമടക്കം പങ്കുവെച്ച് കെ സുധാകരൻ്റെ ആഡംബര വീടെന്ന കുറിപ്പോടെ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇതോടെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പോര് വ്യക്തിപരമായ ആക്രമണങ്ങളിലേക്കും തിരിഞ്ഞു.

സുധാകരന്റെ വീടിന്റെ ഗൃഹപ്രവേശന വീഡിയോകളും വീടിനകത്തെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലും സിപിഎം അനുകൂല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ഒരു നെയ്ത്തുകാരന്റെ മകനായ സുധാകരന് എംപിയെന്ന നിലയിലും സ്‌കൂൾ അധ്യാപികയായിരുന്ന ഭാര്യയുടെ വരുമാനവുമല്ലാതെ ഇത്രയും വലിയ വീടെടുക്കാൻ എങ്ങനെ പണംകിട്ടിയെന്ന ചോദ്യമാണ് ഇടത് സൈബറിടങ്ങൾ ഉന്നയിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി പാണ്ട്യാലമുക്കിലെടുത്ത ആഡംബര വീടിനെക്കുറിച്ചും സമാനമായ പ്രചാരണം നടന്നിരുന്നു.

സിപിഎം സൈബർ ഇടങ്ങൾ മാത്രമല്ല, പാർട്ടിപത്രവും സുധാകരന്റെ ആഡംബര വീടിനെക്കുറിച്ചുള്ള ചിത്രവും വിശദമായ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട് 12,000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള മഹാസൗധമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോർപ്പറേഷനിലും റവന്യൂ വകുപ്പിലും നൽകിയ കണക്കിൽ ഈ വീടിനുപുറമെ, 200 ചതുരശ്രയടിയിലേറെ വലുപ്പമുള്ള രണ്ട് ഔട്ട്ഹൗസുമുണ്ട്. കോർപ്പറേഷനിൽനിന്ന് അനുമതിപോലും വാങ്ങാതെ നിർമ്മിച്ച വീടിൻ്റെ നിയമപരമായ നടപടിക്രമം പൂർത്തിയാക്കിയത് 2021 ജൂലൈയിൽ കെപിസിസി പ്രസിഡന്റാകുന്നതിന് തൊട്ടുമുൻപാണെന്നും ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിൽ നടാൽ ആലിങ്കീഴിലാണ് 12,247 ചതുരശ്രയടി വിസ്തീർണമുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഔട്ട്ഹൗസുകൾ ഉൾപ്പെടെ 12,647 ചതുരശ്ര അടി. എടക്കാട് വില്ലേജിലെ റീസർവേ നമ്പർ 54 ൽ 91, 138, 140, 384, 387 എന്നീ അഞ്ച് പ്ലോട്ടുകളിലായാണ് വീട് നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125650/k-sudhakaran-home-social-media-impact)