---
title: " ‘നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ല, കേരളത്തിൽ മിൽമ മതി' - മന്ത്രി ചിഞ്ചു റാണി  "
english_title: "Nandhini new cover milk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125662/nandhini-new-cover-milk"
published_at: "2023-06-28T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bdf8e5da8b_images_(12).jpeg"
keywords: []
---

#  ‘നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ല, കേരളത്തിൽ മിൽമ മതി' - മന്ത്രി ചിഞ്ചു റാണി  

> **Lead Summary:** തിരുവനന്തപുരം: കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ഇത് സംബന്ധിച്ച ഉറപ്പ് കർണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. കർണാടക മില്‍ക്ക് ഫെഡറേഷന്‍ തലപ്പത്ത് ബി ജെ പി ഭരണം പോയി കോണ്‍ഗ്രസ് വന്നതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതില്‍ നിർണ്ണായകമായതെന്നും മന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ഇത് സംബന്ധിച്ച ഉറപ്പ് കർണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. കർണാടക മില്‍ക്ക് ഫെഡറേഷന്‍ തലപ്പത്ത് ബി ജെ പി ഭരണം പോയി കോണ്‍ഗ്രസ് വന്നതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതില്‍ നിർണ്ണായകമായതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ നന്ദിനി വേണ്ട, മില്‍മ തന്നെ മതിയെന്നും സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്ന് വില്‍പ്പന സജീവമാക്കാനുള്ള നന്ദിനിയുടെ തീരുമാനത്തില്‍ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനത്തെ ക്ഷീര കർഷകർക്കിടിയില്‍ നിന്നും ഉയർന്ന് വന്നത്. ഇതോടെ വിഷയത്തില്‍ ഇടപെട്ട സർക്കാർ നന്ദിനി അധികൃതരുമായും കർണാടക സർക്കാരുമായും ബന്ധപ്പെടുകയായിരുന്നു.

നിലവിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്‌ലെറ്റ് തുറന്നിട്ടുണ്ട്. ഇതിന് പുറമെ 25 ഔട്ട് ലെറ്റുകള്‍ കൂടി ഉടന്‍ തുറക്കാനായിരുന്നു നന്ദിനിയുടെ നീക്കം. രണ്ടു വർഷം കഴിയുമ്പോള്‍ ഒരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി സംസ്ഥാനത്താകെ പ്രവർത്തനം വ്യാപിപ്പിക്കാനും നന്ദിനിക്ക് പദ്ധതിയുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതോടെ ഈ നീക്കങ്ങള്‍ താല്‍ക്കാലികമായെങ്കിലും നന്ദിനി ഉപേക്ഷിക്കുകയാണെന്നാണ് മന്ത്രി അറിയിക്കുന്നത്.

നന്ദിനിയുടെ നീക്കത്തിന് മറുപടിയായി കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് മില്‍മയും ആലോചിച്ചിരുന്നു. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി കർണാടകയില്‍ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകയിലും നല്‍കിയാല്‍ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന പ്രത്യാശ മിൽമ മേഖലാ ചെയർമാൻ എം ടി ജയൻ പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം, നന്ദിനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ നന്ദിനിയുടെ വരവ് ബാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നാട്ടിലെ ക്ഷീര സഹകരണസംഘങ്ങള്‍ വളര്‍ന്നത് മില്‍മയ്ക്ക് പാല്‍ കൊടുത്തും ആനുകൂല്യം നേടിയുമാണ്. അവിടെക്ക് നന്ദിനിയുടെ പാലും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുന്നതില്‍ ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍ അത് സഹിക്കേണ്ടി വരുന്നത് ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125662/nandhini-new-cover-milk)