---
title: "തോമസിൻ്റെ ഏദൻ തോട്ടത്തിൽ വിദേശ ഫലവൃക്ഷങ്ങളിൽ വിളവെടുപ്പ് കാലം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125853/kelakam"
published_at: "2023-06-29T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d17cd7df99_IMG-20230629-WA0018.jpg"
keywords: []
---

# തോമസിൻ്റെ ഏദൻ തോട്ടത്തിൽ വിദേശ ഫലവൃക്ഷങ്ങളിൽ വിളവെടുപ്പ് കാലം

> **Lead Summary:**  **കേളകം**:വിദേശികളും നാടനുമായി നൂറോളം ഇനം പഴങ്ങള്‍ വിളയുന്ന ഒരു നാടന്‍തോട്ടമുണ്ട് കണ്ണൂരിലെ കേളകം അടക്കാത്തോട്ടില്‍. ഇതുവരെ പേരുകേള്‍ക്കാത്ത വിദേശ പഴങ്ങള്‍വരെ പടിയക്കണ്ടത്തില്‍ തോമസിന്റെ തോട്ടത്തില്‍ വിളയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിടുന്നു. വാനിലക്കൃഷി ഉപേക്ഷിച്ച് രണ്ടേക്കറോളം സ്ഥലത്ത് തോമസ് നടത്തിയ പരീക്ഷണം ഇന്ന് തേന്‍മധുരം ചുരത്തുകയാണ്.

## Article Content

 **കേളകം**:വിദേശികളും നാടനുമായി നൂറോളം ഇനം പഴങ്ങള്‍ വിളയുന്ന ഒരു നാടന്‍തോട്ടമുണ്ട് കണ്ണൂരിലെ കേളകം അടക്കാത്തോട്ടില്‍. ഇതുവരെ പേരുകേള്‍ക്കാത്ത വിദേശ പഴങ്ങള്‍വരെ പടിയക്കണ്ടത്തില്‍ തോമസിന്റെ തോട്ടത്തില്‍ വിളയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിടുന്നു. വാനിലക്കൃഷി ഉപേക്ഷിച്ച് രണ്ടേക്കറോളം സ്ഥലത്ത് തോമസ് നടത്തിയ പരീക്ഷണം ഇന്ന് തേന്‍മധുരം ചുരത്തുകയാണ്.

ജമൈക്കയുടെ ദേശീയ പഴമായ അക്കി, കൂടുതൽ കഴിച്ചാൽ മത്തുപിടിക്കുന്ന ആഫ്രിക്കൻ ഇനമായ സാന്റോൾ, സെൻട്രൽ അമേരിക്കയിൽനിന്നുള്ള പീനട്ട്, ലാങ്ഷെഡ്, കിലോയ്ക്ക് 1500 രൂപയോളം വിലവരുന്ന മലേഷ്യയിൽനിന്നുള്ള ദുര്യൻ. കൊക്കകോളയുടെ ചുവയുള്ള ആഫ്രിക്കൻ ഇനമായ കോളാനട്ട്, മ്യാൻമറിൽനിന്നുള്ള ബെർമീസ് മുന്തിരി, തായ്ലന്റ് ഇനങ്ങളായ ബിയർ രുചിയുള്ള ബിയർ ആപ്പിൾ, ലോഗൻ, ബറോവ, ഫിലോസാൻ, ചെസ്നട്ട് തുടങ്ങി കായ്ക്കുന്നവയും കായ്ക്കാൻ തുടങ്ങാത്തതുമായി നിരവധിയാണ് തോമസിന്റെ തോട്ടത്തിൽ വിളയുന്ന വിദേശികൾ.മലേഷ്യയിൽനിന്നും തായ്ലന്റിൽ നിന്നുമുള്ളവയാണ് കൂടുതൽ. മലേഷ്യൻ കാലാവസ്ഥ നമ്മുടേതിനോട് യോജിക്കുമെന്നതിനാൽ നല്ല വളർച്ചയുണ്ടാകും- തോമസ് പറയുന്നു.  കർണാടകയിൽനിന്ന് കൊണ്ടുവന്ന കോഗം രണ്ടു തരമുണ്ട്-ചുവപ്പും മഞ്ഞയും. ഇതിൽ മഞ്ഞ കുടജാദ്രി കാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്.

കാട്ടിൽ ചൂരൽ ശേഖരിക്കാൻ പോയവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ഞ കോഗം ശേഖരിച്ചത്.മെക്സിക്കൻ ചാമ്പ, ബാങ്കോക്ക് ചാമ്പ, റോസ് ആപ്പിൾ, വെളുത്ത കായ്കളുള്ള വെള്ളച്ചാമ്പ, പച്ചനിറമുള്ള കായ്കളുള്ളവ, മാതളനാരങ്ങയുടെ രൂപത്തിലുള്ള പൊമഗ്രനേറ്റ് ചാമ്പ എന്നിങ്ങനെ വിദേശികൾ മാത്രം 11 ഇനങ്ങളുണ്ട്. റംബൂട്ടാൻ കിങ് ഉൾപ്പെടെ റംബൂട്ടാന്റെ അഞ്ചിനങ്ങളും ഒരു കിലോയോളം തൂക്കം വരുന്ന കിലോപേര ഉൾപ്പെടെ ആറിനം പേരകളും ഉണ്ടിവിടെ. അവക്കാഡ എന്നറിയപ്പെടുന്ന അഞ്ചിനം വെണ്ണപ്പഴങ്ങളും മൂന്നുതരം മുട്ടപ്പഴങ്ങളും മുള്ളാത്തയും മരമുന്തിരിയുമെല്ലാമുണ്ട് ചീങ്കണ്ണിപ്പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ഈ പഴത്തോട്ടത്തിൽ. പഴങ്ങൾ മാത്രമല്ല 18 തരം മുളകളും 17 തരം ജാതിയും ഇദ്ദേഹത്തിനുണ്ട്. വള്ളം ഊന്നാനുപയോഗിക്കുന്ന ലാത്തിമുള, കരിമുള, മോങ്കി, തോട്ടിമുള, ആനമുള എന്നിങ്ങനെയാണവ. ജാതികളിൽ വ്യത്യസ്ത ഇനം നോവാ ജാതിയാണ്. ഒന്നിൽ തന്നെ ഒന്നിലധികം ഇനങ്ങൾ ചേർത്ത് ബഡിങ് രീതിയും പരീക്ഷിക്കുന്നു.

കൃഷിയറിവുകൾ മറ്റുള്ളവരിലേക്കും ഓരോ സീസണിലും കൃഷിഭവനുകളുടേയും മറ്റും നേതൃത്വത്തിൽ ഒട്ടേറെപ്പേർ തോമസിന്റെ തോട്ടം സന്ദർശിക്കാനെത്തുണ്ട്. തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് പകരാൻ പല സ്ഥലങ്ങളിലും ഇദ്ദേഹം ക്ലാസുകൾ നൽകാറുണ്ട്. പഴങ്ങൾ കൂടാതെ തെങ്ങ്, കൊക്കോ, കുരുമുളക്, റബ്ബർ, പച്ചക്കറി കൃഷികളും തേനീച്ച കൃഷിയുമുള്ള തോമസിന്  കേളകം കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഭാര്യ പ്രിൻസിയും മക്കൾ ജോയൽ, ജോത്സന, ജോഹാൻ എന്നിവരും തോമസിന് പിന്തുണയുമായി  കൃഷിയിടത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125853/kelakam)