---
title: "അജ്ഞാത യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരാം"
english_title: "The unknown youth can return to life "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125959/the-unknown-youth-can-return-to-life"
published_at: "2023-06-29T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d9191a3411_dfsfd.jpg"
keywords: []
---

# അജ്ഞാത യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരാം

> **Lead Summary:** **കോഴിക്കോട്: **രക്താർബുദം ബാധിച്ച സമപ്രായക്കാരനെ രക്തമൂലകോശം നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് വടകര സ്വദേശി അബൂക്കർ ഇർഫാൻ ഇക്ബാൽ എന്ന 25കാരൻ. 2023 മേയ് മാസത്തിലാണ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അവസരമായ രക്തമൂലകോശദാനത്തിനായി ഇർഫാൻ തിരഞ്ഞെടുക്കപ്പെട്ടത്. രക്താർബുദം ബാധിച്ച യുവാവിനാണ് ഇർഫാന്റെ മൂലകോശങ്ങൾ യോജിച്ചത്.

## Article Content

**കോഴിക്കോട്: **രക്താർബുദം ബാധിച്ച സമപ്രായക്കാരനെ രക്തമൂലകോശം നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് വടകര സ്വദേശി അബൂക്കർ ഇർഫാൻ ഇക്ബാൽ എന്ന 25കാരൻ. 2023 മേയ് മാസത്തിലാണ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അവസരമായ രക്തമൂലകോശദാനത്തിനായി ഇർഫാൻ തിരഞ്ഞെടുക്കപ്പെട്ടത്. രക്താർബുദം ബാധിച്ച യുവാവിനാണ് ഇർഫാന്റെ മൂലകോശങ്ങൾ യോജിച്ചത്.

സാമ്യത അറിയിച്ച ഉടനെ രക്തമൂലകോശദാനത്തിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനു ഇർഫാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചായിരുന്നു രക്തമൂലകോശ ദാനം നടത്തിയത്. കോഴിക്കോട് വടകര സ്വദേശി അബൂബക്കർ ഇർഫാൻ ഇക്ബാൽ, ഫാറൂഖ് റൗദത്തൂൽ ഉലൂം അറബിക് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തത്.

ഫറൂക്കിൽ നിന്ന് വടകരയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സഹയാത്രികനാണ് രക്തമൂലകോശദാനത്തെ കുറിച്ച് ഇർഫാനെ അറിയിച്ചത്. 2017 ൽ മറ്റൊരു രോഗിക്കായി ദാതാവിനെ അന്വേഷിക്കുന്നതിനായി വടകര ബി പോസിറ്റീവ് സൊസൈറ്റിയും ക്യാമ്പസിലെ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി നടത്തിയ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പിലൂടെയാണ് ഇർഫാൻ ദാത്രിയിൽ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്യുന്നത്.

പഠനശേഷം വിദേശത്തേയ്ക്ക് പോയ ഇർഫാൻ ചെറിയൊരു ഇടവേളയ്ക്ക് നാട്ടിലെത്തിയ സമയത്തു തന്നെ സാമ്യം വന്നത് വളരെ യാദൃശ്ചികമായി, ദാനപ്രക്രിയ വേഗത്തിലാക്കുന്നത് ഇത് സഹായകരമായി. രജിസ്ട്രി നിയമപ്രകാരം ഒരു വർഷം വരെ സ്വീകർത്താവിന്റെ വിവരങ്ങൾക്ക് വെളിപ്പെടുത്താനാവില്ല. ശേഷം സ്വീകർത്താവിന്റെ സമ്മതപത്രം ലഭിക്കുമ്പോൾ കൂടുതൽ വിവരങ്ങളറിയാനുള്ള ആകാംക്ഷയിലാണ് ഇർഫാനും കുടുംബവും.

**രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ **

രക്താർബുദം, തലസീമിയ പോലെയുള്ള രക്തജന്യമായ നൂറോളം രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ അഥവാ മജ്ജ മാറ്റിവയ്ക്കൽ (Blood Stem Cell/Bone Marrow Transplant). രോഗിക്ക് വേണ്ടി സാമ്യമുള്ള രക്തമൂലകോശങ്ങൾ അഥവാ ബ്ലഡ് സ്റ്റെം സെൽസ് ദാനം ചെയ്യുന്നതിനൊരു ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ പുരോഗമിക്കുകയുള്ളൂ. രക്തദാനം പോലെയാണെങ്കിലും രക്തമൂലകോശദാനത്തിന് ഗ്രൂപ്പ് സാമ്യത്തിനു പ്രസക്തിയില്ല. ജനിതക സ്വഭാവമുള്ള എച്ച് എൽ എ (HLA) സാമ്യമാണ് ഇതിനു വേണ്ടത്. ഒരു രോഗിയുടെ കുടുംബത്തിൽ തന്നെ യോജിച്ച എച്ച് എൽ എ ലഭിക്കാനുള്ള സാധ്യത 25% ആണ്. കുടുംബത്തിന് പുറമേയ്ക്ക് അന്വേഷിക്കേണ്ടി വന്നാൽ പതിനായിരത്തിൽ ഒന്നുമുതൽ ഇരുപത് ലക്ഷത്തിൽ ഒന്നു വരെയാണ് യോജിച്ച ദാതാവിനെ ലഭിക്കാനുള്ള സാധ്യത. അതായത്‌ ഒരു ദാതാവിനായി ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരാം. ലോകമെമ്പാടുമായുള്ള 80 ഓളം വരുന്ന ഡോണർ രജിസ്ട്രികളാണ് ദാതാവിനെ കണ്ടെത്തുന്നതിന് രോഗിയുടെ ഡോക്ടർക്കു സഹായമാകുന്നത്. വംശീയത ഒരു പരിധിവരെ സാമ്യം ലഭിക്കുന്നതിന് സഹായമാകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്കു രാജ്യത്ത് നിന്നു തന്നെ എച്ച് എൽ എ സാമ്യം വരാൻ എളുപ്പമുള്ളു എന്ന് ചുരുക്കം.

രാജ്യത്ത് ഇതുവരെ ആറ് ലക്ഷത്തിൽ താഴെ മാത്രം ആളുകളാണ് സന്നദ്ധ രക്തമൂലകോശ ദാനത്തിനായി രജിസ്ട്രിയിൽ ചേർന്നിട്ടുള്ളൂ. കൂടുതൽ ആളുകൾ മുന്നോട്ടു വരുന്നത് രാജ്യത്ത് ദാതാവിനെ ലഭിക്കാനുള്ള സാധ്യത ഉയർത്താൻ സഹായമാകും. 18 മുതൽ 50 വയസ്സുവരെ ഉള്ള ആരോഗ്യമുള്ള ആർക്കും ദാതാവായി രജിസ്റ്റർ ചെയ്യുന്നതിന് രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന: ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയുടെ സേവനം ഉപയോഗിക്കാം.

ഇത് ഒരിക്കൽ മാത്രം ചെയ്യേണ്ട രജിസ്ട്രേഷനാണ്. ഒരിക്കൽ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യാതെ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125959/the-unknown-youth-can-return-to-life)