---
title: "സർട്ടിഫിക്കറ്റ് വിവാദം, പണമിടപാട് - ആരോപണങ്ങൾക്കിടെ സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് മുതൽ"
english_title: "Cpim meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126045/cpim-meeting"
published_at: "2023-06-30T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e5da749dd4_reporterlive_2023-06_3ceaf820-757b-4246-84a8-1474360bea3f_Four_members_expelled_form_CPIM_Kollankodu_area_committee_for_disciplinary_actions__1_.jpg"
keywords: []
---

# സർട്ടിഫിക്കറ്റ് വിവാദം, പണമിടപാട് - ആരോപണങ്ങൾക്കിടെ സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം** : വിഭാ​ഗീയതയും സർട്ടിഫിക്കറ്റ് വിവാദവും കൈതോലപ്പായ ആരോപണവുമെല്ലാം നിലനിൽക്കുന്നതിനിടെ സിപിഐഎമ്മിന്റെ നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടേറിയറ്റും ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകാൻ സാധ്യതയുണ്ട്. തുടർച്ചായുണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കൊണ്ടുവന്നേക്കും. മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ നിഖിലിനെ എസ്എഫ്ഐ പരസ്യമായി പിന്തുണച്ചത് പാർട്ടിക്ക് വലിയ കോട്ടമേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

## Article Content

**തിരുവനന്തപുരം** : വിഭാ​ഗീയതയും സർട്ടിഫിക്കറ്റ് വിവാദവും കൈതോലപ്പായ ആരോപണവുമെല്ലാം നിലനിൽക്കുന്നതിനിടെ സിപിഐഎമ്മിന്റെ നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടേറിയറ്റും ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകാൻ സാധ്യതയുണ്ട്. തുടർച്ചായുണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കൊണ്ടുവന്നേക്കും. മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ നിഖിലിനെ എസ്എഫ്ഐ പരസ്യമായി പിന്തുണച്ചത് പാർട്ടിക്ക് വലിയ കോട്ടമേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാബലം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. ബിജെപി ഏകീകൃത സിവിൽ കോഡ് വിഷയം ഉയർത്തികൊണ്ടുവന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള ചർച്ചകളുമുണ്ടാവും. തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാ‍ർ‌ട്ടി സ്വീകരിക്കേണ്ട നയങ്ങളും നിലപാടുകളും ച‍ർച്ചയാകും. ഇതിന് പുറമെ പാർട്ടിയിലെ വിഭാഗീയത യോ​ഗത്തിൽ പ്രധാന ചർച്ചയാകും. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുതന്നെയുണ്ടായ വീഴ്ചകൾ പാ‍ർട്ടിക്ക് ക്ഷീണമായെന്നാണ് വിലയിരുത്തൽ. പാർട്ടിക്കകത്തെ വിഭാഗീയതയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ജില്ലകളിലെ നേതൃത്വത്തിൽ മാറേണ്ട പ്രവണതകളും നേതൃയോഗങ്ങളിൽ ചർച്ചയാവും.

എന്നാൽ ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരന്റെ കൈതോലപ്പായ ആരോപണത്തോട് പ്രതികരിക്കേണ്ടെന്നാണ് നേതാക്കൾക്ക് പാ‍ർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണങ്ങളോട് പ്രതികരിച്ച് വിവാദം മൂർച്ഛിപ്പിക്കരുതെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ദേശാഭിമാനിയുടെ കലൂർ ഓഫീസിൽ വെച്ച് എണ്ണിത്തിട്ടപ്പെടുത്തിയ 20035000 രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൊണ്ടുപോയി എന്നതാണ് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് ശക്തിധരൻ നടത്തിയ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126045/cpim-meeting)