---
title: "കണ്ണൂർ വിമാനത്താവളത്തിലെ ചെളിക്കെട്ടിന് കാരണം ഓടകൾ നിർമിക്കാനാകാത്തത്: കെ.കെ.ശൈലജ"
english_title: "Kksylaja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126071/Kksylaja "
published_at: "2023-06-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e6e8f11146_Screenshot_20230630-111410_Facebook.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിലെ ചെളിക്കെട്ടിന് കാരണം ഓടകൾ നിർമിക്കാനാകാത്തത്: കെ.കെ.ശൈലജ

> **Lead Summary:** **മട്ടന്നൂർ**: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കനത്ത മഴയിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വീടുകൾക്ക് നാശമുണ്ടാകാൻ കാരണം പൂർണമായും ഓടകൾ നിർമിക്കാനാവാത്തതാണെന്ന് കെ. കെ. ശൈലജ എംഎൽഎ.

## Article Content

**മട്ടന്നൂർ**: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കനത്ത മഴയിൽ ചെളിയും വെള്ളവും കുത്തിയൊഴുകി വീടുകൾക്ക് നാശമുണ്ടാകാൻ കാരണം പൂർണമായും ഓടകൾ നിർമിക്കാനാവാത്തതാണെന്ന് കെ. കെ. ശൈലജ എംഎൽഎ.

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളവും ചെളി യും കുത്തിയൊലിച്ച് നാശനഷ്ടമുണ്ടായ കല്ലേരിക്കരയിലെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. ഓടകൾ നിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചതാണ്. എന്നാൽ ഭൂമിക്ക് പണം ലഭിക്കാതെ ഓട നിർമാണം നടത്താൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ചില ഭൂവുടമകളുടേത്. അന്ന് ഓടകൾ നിർമിക്കാനായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമായിരുന്നെന്നും കെ.കെ.ശൈലജ പറഞ്ഞു.

14 ഭൂവുടമകളാണ് ഇതിനായി അനുമതി നൽകേണ്ടത്. ഇവർ എത്രയും പെട്ടെന്ന് അനുമതി നൽകാൻ തയാറാകണമെന്നും എംഎൽഎ പറഞ്ഞു. വിമാനത്താവളത്തിന്റെ മതിൽ തകർന്ന പ്രദേശവും എംഎൽഎ സന്ദർശിച്ചു.

തുടർന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ പരിഹാ രത്തിനുള്ള കാര്യം ചർച്ച ചെയ്യാൻ യോഗം ചേർന്നു. അനുമതി ലഭിച്ച പ്രദേശത്ത് എത്രയും പെട്ടെന്ന് ഓവുചാലുകൾ പണിയണമെന്ന് എംഎൽഎ നിർദേശിച്ചു. വിമാനത്താവള പ്രദേശത്ത് നിന്ന് മതിലിന് പുറത്തേക്ക് വെള്ളം വരുന്ന ഭാഗം വലുതായി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താനും തീരുമാനിച്ചു.  വിമാനത്താവള പദ്ധതി പ്രദേശത്തിനുള്ളിലെ മുഴുവൻ ഓടകളും ഒരാഴ്ചക്കുള്ളിൽ പരിശോധി ച്ചു വെള്ളം സുഗമമായി ഒഴുകിപോകാനുള്ള സംവിധാനം ഒരുക്കും. വീടുകളോട് ചേർന്ന വിമാനത്താവള മതിലുകൾ പരിശോധിച്ച് ബലക്കുറവ് ഇണ്ടെങ്കിൽ ബലപ്പെടുത്തും. കൊതേരി തോടിന്റെ കലുങ്കിന്റെ സുരക്ഷാ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും.

വിമാനത്താവള രണ്ടാം ഗേറ്റിന് സമീപം കാരതോട് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറാൻ ഇടയായ സംഭവത്തിൽ തോടിന്റെ വീതി കൂട്ടി ഭിത്തി നിർമിക്കേണ്ട നടപടികൾ ആരംഭിക്കാനും കാരത്തോടിൽ സാധിക്കാവുന്ന ഇടങ്ങളിലെ ചെളിയും മണ്ണും നീക്കം ചെയ്യാനും എംഎൽഎ നിർദേശിച്ചു.

കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, നഗര സഭ ചെയർമാൻ എൻ. ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, മട്ടന്നൂർ നഗരസഭ കൗൺസിലർ പി.കെ. നിഷ, മുൻ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ എഡിഎം കെ.കെ. ദിവാകരൻ, മൈനർ ഇറിഗേഷൻ എക്സികുട്ടീവ് എൻജിനിയർ ഗോപകുമാർ, വിനോദ് പുത്തൂർ, കിയാൽ എക്സിക്യുട്ടീവ് ഡയരക്ടർ കെ.പി. ജോസ്, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126071/Kksylaja )