---
title: "ഡൽഹി മെട്രോയിൽ യാത്രക്കാരനായി പ്രധാനമന്ത്രി: യുവാക്കളോട് കുശലം പറഞ്ഞ് യാത്ര"
english_title: "Prime minister in metro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126120/prime-minister-in-metro"
published_at: "2023-06-30T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e8ed98070a_Fz2Qg1uXsAEoQeg.jpeg"
keywords: []
---

# ഡൽഹി മെട്രോയിൽ യാത്രക്കാരനായി പ്രധാനമന്ത്രി: യുവാക്കളോട് കുശലം പറഞ്ഞ് യാത്ര

> **Lead Summary:** **ഡല്‍ഹി**: ഡല്‍ഹി സര്‍വ്വകലാശാലയിലേക്ക് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഡല്‍ഹി സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി. 2022ല്‍ സര്‍വ്വകലാശാലയുടെ സ്ഥാപക ദിനമായ മെയ് 1നാണ് ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്.

## Article Content

**ഡല്‍ഹി**: ഡല്‍ഹി സര്‍വ്വകലാശാലയിലേക്ക് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഡല്‍ഹി സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി. 2022ല്‍ സര്‍വ്വകലാശാലയുടെ സ്ഥാപക ദിനമായ മെയ് 1നാണ് ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്.

പ്രധാനമന്ത്രി ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന വീഡിയോ വൈറലാണ്. ഒരു സാധാരണ യാത്രക്കാരനെ പോലെ മെട്രോയിലിരുന്ന് സഹയാത്രക്കാരോട് സംസാരിക്കുന്ന പ്രധാനമന്ത്രിയെ വീഡിയോയില്‍ കാണാം. മെട്രോ യാത്രയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

യുവാക്കളെ സഹയാത്രക്കാരായി ലഭിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയുടെ ശദാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഒരു സുപ്രധാന വിജ്ഞാന കേന്ദ്രമെന്ന നിലയില്‍ ഡല്‍ഹി സര്‍വ്വകലാശാല ഒരു നൂറ്റാണ്ടോളമായി പ്രതിഭകളെ വാര്‍ത്തെടുക്കുകയും രാജ്യത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ നാഴികക്കല്ല് പിന്നിട്ടതിന് സര്‍വ്വകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ട്വീറ്റ്.

ഡല്‍ഹി സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍, ടെക്‌നോളജി വിഭാഗത്തിനുളള കെട്ടിടം, അക്കാഡമിക് ബ്ലോക്ക് എന്നിവയ്ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ വിവാദമായിട്ടുണ്ട്. ആരും കറുത്ത നിറത്തിലുളള വേഷം ധരിച്ച് വരരുത് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാവരും ഇന്ന് നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126120/prime-minister-in-metro)