---
title: "താഴെ ചമ്പാട് - കൂരാറ റോഡ് തകർന്ന് തരിപ്പണമായതോടെ പ്രതിഷേധം ശക്തമാകുന്നു"
english_title: "Champat-Kurara road is broken and covered with water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126147/champat-kurara-road-is-broken-and-covered-with-water"
published_at: "2023-06-30T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ea247f19cf_Screenshot_2023-06-30-14-50-45-11_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# താഴെ ചമ്പാട് - കൂരാറ റോഡ് തകർന്ന് തരിപ്പണമായതോടെ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** താഴെ ചമ്പാട് - കൂരാറ റോഡ് തകർന്ന് തരിപ്പണമായതോടെ പ്രതിഷേധം ശക്തമാകുന്നു മഴ കൂടി കനത്തതോടെ ഇതുവഴിയുള്ള യാത്ര തീർത്തും ദുഷ്ക്കരമായി. അടിയന്തിരമായി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരരംഗത്തിറങ്ങാനാണ് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ള പ്രദേശവാസികളുടെ തീരുമാനം.

## Article Content

താഴെ ചമ്പാട് - കൂരാറ റോഡ് തകർന്ന് തരിപ്പണമായതോടെ പ്രതിഷേധം ശക്തമാകുന്നു മഴ കൂടി കനത്തതോടെ ഇതുവഴിയുള്ള യാത്ര തീർത്തും ദുഷ്ക്കരമായി. അടിയന്തിരമായി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരരംഗത്തിറങ്ങാനാണ് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ള പ്രദേശവാസികളുടെ തീരുമാനം.

വർഷങ്ങൾക്ക് മുമ്പാണ് താഴെ ചമ്പാട് - കൂരാറ റോഡിൽ ടാറിംഗ് പ്രവൃത്തി നടന്നത്. പിന്നീട് അറ്റകുറ്റപണികൾ നടന്നെങ്കിലും പൂർണ്ണമായ ടാറിംഗ് നടന്നിരുന്നില്ല. ഇപ്പോൾ റോഡ് പൂർണമായും തകർന്ന നിലയിലാണ്. കാൽനടയാത്ര പോലും സാധ്യമല്ലെന്ന തരത്തിലാണ് റോഡെന്നും, അറ്റകുറ്റപണി ഉടൻ നടത്തണമെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. 2022 ൽ റോഡ് ടാറിംഗിനായി ഒരുക്കങ്ങൾ നടന്നിരുന്നു.

അന്ന് ടാർ വീപ്പകൾ റോഡിൽ ഇറക്കിയതായും, പിന്നീട് എടുത്തു കൊണ്ടു പോകുകയുമായിരുന്നു. ഇക്കാര്യം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ താനറിഞ്ഞില്ലല്ലോ എന്ന മറുപടിയാണ് ലഭിച്ചതെന്നും ഡ്രൈവർമാർ കുറ്റപ്പെടുത്തി. ഉണ്ട മുക്കിൽ റോഡിനിരുവശവും കോൺക്രീറ്റ് ചെയ്തത് ജെ.സി.ബി കൊണ്ട് അടർത്തിമാറ്റിയതും യാത്രക്കാർക്ക് ദുരിതമായി. ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിക്കായി അരയിഞ്ചിൻ്റെ പൈപ്പിടാനായാണ് ഈ പ്രവൃത്തി നടത്തിയത്.

റോഡ് തകർച്ച ഒഴിവാക്കാനാണ് ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ കോൺക്രീറ്റ് ചെയ്തത്. താഴെ ചമ്പാട് മുതൽ പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ മുൻവശം വരെ ഇൻറർലോക്ക് ചെയ്തിട്ടുണ്ട്. നേരത്തെ ആയുർവേദ ആശുപത്രിവരെ ഇൻ്റർലോക്ക് ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ നീക്കത്തിന് ചിലർ തടയിടുകയായിരുന്നെന്ന ആരോപണവുമുണ്ട്. റോഡ് തകർന്നത് കാരണം ചെളിവെള്ളം തെറിച്ച് വീട്ടുകാരും, സമീപത്തെ ഐടിഐ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം വേറെയും.

എം എൽ എയുടേതൊ , ജില്ലാ പഞ്ചായത്തിൻ്റെയൊ ഫണ്ടുപയോഗിച്ച് മെക്കാഡം ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസുകൾ ഉൾപ്പടെ പോകുന്ന ഈ റോഡ് വർഷങ്ങൾക്ക് മുന്നേ മെക്കാഡം ചെയ്യേണ്ടതായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. അനുകൂല സമീപനമുണ്ടായില്ലെങ്കിൽ റോഡുപരോധമുൾപ്പടെ നടത്താനുള്ള ഒരുക്കത്തിലാണ് ഓട്ടോ ഡ്രൈവർമാരും, ഒപ്പം നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126147/champat-kurara-road-is-broken-and-covered-with-water)