---
title: "ട്വിറ്ററിന് തിരിച്ചടി; കേന്ദ്ര നിര്‍ദേശത്തിനെതിരെയുള്ള ഹര്‍ജി കോടതി തള്ളി, 50 ലക്ഷം പിഴയൊടുക്കണം"
english_title: "Karnataka high court reject twitter's request"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126161/karnataka-high-court-reject-twitters-request"
published_at: "2023-06-30T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb013bc5d9_images_(16).jpeg"
keywords: []
---

# ട്വിറ്ററിന് തിരിച്ചടി; കേന്ദ്ര നിര്‍ദേശത്തിനെതിരെയുള്ള ഹര്‍ജി കോടതി തള്ളി, 50 ലക്ഷം പിഴയൊടുക്കണം

> **Lead Summary:** **ന്യൂഡല്‍ഹി**: കേന്ദ്ര സര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ ട്വിറ്ററിന് വന്‍ തിരിച്ചടി. ചില ട്വീറ്റുകളും, അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ട്വിറ്ററിന്റെ നടപടിക്ക് കോടതി 50 ലക്ഷം രൂപ പിഴയായും ചുമത്തി. കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

## Article Content

**ന്യൂഡല്‍ഹി**: കേന്ദ്ര സര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ ട്വിറ്ററിന് വന്‍ തിരിച്ചടി. ചില ട്വീറ്റുകളും, അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ട്വിറ്ററിന്റെ നടപടിക്ക് കോടതി 50 ലക്ഷം രൂപ പിഴയായും ചുമത്തി. കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ട്വിറ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഐടി മന്ത്രാലയത്തിന്റെ ബ്ലോക്കിംഗ് നിര്‍ദേശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും ട്വിറ്റര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് കാരണമൊന്നും കേന്ദ്രം പറയാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

ലോകം മുഴുവന്‍ ഐടി നിയമത്തിലെ സുതാര്യതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ കാരണം അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുന്നതിന് വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇന്ത്യന്‍ സര്‍ക്കാര്‍ ചില അക്കൗണ്ടുകളും, ട്വീറ്റുകളും നീക്കംചെയ്യുന്നതിനായി ട്വിറ്റിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപിച്ചിരുന്നു.

കര്‍ഷക സമരത്തില്‍ സര്‍ക്കാരിന് എതിരായി വന്ന ട്വീറ്റുകളായിരുന്നു ഇത്. ഇവ അനുസരിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഫീസ് തന്നെ ഇന്ത്യയില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായും ഡോര്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഡോര്‍സിയുടെ പരാമര്‍ശം നുണയാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയിരുന്നു.അതേസമയം ട്വിറ്ററിന് കേന്ദ്രം നിയമങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് പാലിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് നിയമം പാലിക്കാന്‍ നിങ്ങള്‍ തയ്യാറാവാതിരുന്നത്. അത് വൈകിക്കുകയാണ് ട്വിറ്റര്‍ ചെയ്തത്. ഒരു വര്‍ഷത്തോളം കഴിഞ്ഞ്, നിങ്ങളിപ്പോള്‍ അതംഗീകരിച്ച്, കോടതിയെ സമീപിച്ചിരിക്കുകയാണ്. നിങ്ങളൊരു കര്‍ഷകനല്ല. ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയാണെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28നാണ് കേന്ദ്രം ട്വിറ്ററിന് നിയമം പാലിക്കണമെന്ന് അറിയിച്ചത്. അതല്ലെങ്കില്‍ നിയമപരമായ പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ഒരു രാജ്യത്തെ നിയമപരമായ പരിരരക്ഷ ഇല്ലാതായാല്‍, ട്വിറ്റര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പിഴയും, ജയില്‍ ശിക്ഷയും ലഭിക്കും. ഏഴ് വര്‍ഷം വരെയാണ് ഐടി നിയമം ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷ. യൂസര്‍മാര്‍ നിയമ ലംഘനം നടത്തിയാലും അതിന്‍െ ഉത്തരവാദിത്തം ട്വിറ്ററിന് ആയിരിക്കും. ഇതിനെയാണ് കോടതിയില്‍ ചോദ്യംചെയ്തത്. ട്വിറ്റര്‍ ഒരു വിദേശ സ്ഥാപനമാണെന്നും, മൗലികാവകാശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായം പറയാനാവില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. അതേസമയം ഇന്ത്യന്‍ കമ്പനികളെ യുഎസ്സില്‍ ഇതേ വിഷയത്തില്‍ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് വിശദീകരിക്കാന്‍ ട്വിറ്ററിനോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126161/karnataka-high-court-reject-twitters-request)