---
title: "വയനാട്ടുകാരനെത്തേടി രാജ്യാന്തര അംഗീകാരം. "
english_title: "International recognition for the Wayanad man. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126668/international-recognition-for-the-wayanad-man"
published_at: "2023-07-02T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a118052aecd_m_jjbnuij.jpg"
keywords: []
---

# വയനാട്ടുകാരനെത്തേടി രാജ്യാന്തര അംഗീകാരം. 

> **Lead Summary:** **മാനന്തവാടി : ‘**പുലിമുരുകനി’ൽ ‘വരയൻപുലി’യെ കീഴ്‌പ്പെടുത്തുന്ന മോഹൻലാലിന്റെ പ്രകടനത്തിനും ‘ബാഹുബലി’യിലെ പ്രഭാസിന്റെ മാസ് രംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച വയനാട്ടുകാരനെത്തേടി രാജ്യാന്തര അംഗീകാരം. ഓസ്കർ പുരസ്കാരം നൽകുന്ന ദി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസ് അംഗമായി ഈ വർഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 398 പേരിൽ ഒരാളാണ് മാനന്തവാടി ‘അശ്വതി’യിലെ പി.സി. സനത്ത്. ഓസ്കറിന് പരിഗണിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ സനത്തിന് വോട്ടുചെയ്യാം.

## Article Content

**മാനന്തവാടി : ‘**പുലിമുരുകനി’ൽ ‘വരയൻപുലി’യെ കീഴ്‌പ്പെടുത്തുന്ന മോഹൻലാലിന്റെ പ്രകടനത്തിനും ‘ബാഹുബലി’യിലെ പ്രഭാസിന്റെ മാസ് രംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച വയനാട്ടുകാരനെത്തേടി രാജ്യാന്തര അംഗീകാരം. ഓസ്കർ പുരസ്കാരം നൽകുന്ന ദി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസ് അംഗമായി ഈ വർഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 398 പേരിൽ ഒരാളാണ് മാനന്തവാടി ‘അശ്വതി’യിലെ പി.സി. സനത്ത്. ഓസ്കറിന് പരിഗണിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ സനത്തിന് വോട്ടുചെയ്യാം.

കേരളത്തിൽനിന്ന് ‘വിഷ്വൽ ഇഫക്ട്സ്’ വിഭാഗത്തിൽ സനത്തിനുമാത്രമാണ് അക്കാദമിയിൽ അംഗത്വം ലഭിച്ചത്. അഭിനയം, ഛായാഗ്രഹണം, രചന, സംവിധാനം, വസ്ത്രാലങ്കാരം, ഡോക്യുമെന്ററി, സംഗീതം, നിർമാണം, ഫിലിം എഡിറ്റിങ്, പ്രൊഡക്‌ഷൻ, ഡിസൈൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങി 19 മേഖലകളിലാണ് അക്കാദമി അംഗത്വം നൽകിയത്. സനത്ത് ഇതിനകം അമ്പതിലധികം സിനിമകൾക്ക് വിഷ്വൽ ഇഫക്ട് നിർവഹിച്ചു. കൂടുതലും തെലുഗു ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ ‘മലയൻകുഞ്ഞ്’ സിനിമയിലാണ് മലയാളത്തിൽ അവസാനമായി വിഷ്വൽ ഇഫക്ട്‌സ് ചെയ്തത്. കോഴിക്കോട് സെയ്‌ന്റ് ജോസഫ്‌സ്‌ ദേവഗിരി കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദം നേടിയശേഷം സിനിമാക്കമ്പവുമായി നാടുവിട്ടയാളാണ് സനത്ത്. അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്ന് അഞ്ചുവർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. 1997 മുതൽ സിനിമയിൽ പ്രവർത്തിച്ചുതുടങ്ങി. അഞ്ജി, മഗധീര എന്നീ സിനിമകളുടെ പ്രവർത്തനത്തിന് ദേശീയ അംഗീകാരം ലഭിച്ചു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്നിവിടങ്ങളിൽ വിസിറ്റിങ് ലക്‌ചററായി പ്രവർത്തിച്ച സനത്ത് കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയ്ക്കൊപ്പം സുഹൃത്തുക്കളുമായി ചേർന്ന് ഹൈദരാബാദിൽ ഫയർഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന സ്ഥാപനവും നടത്തുന്നുണ്ട്.

പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പി. ഗോപാലൻകുട്ടി നായരുടെയും മാനന്തവാടി ഗവ. ഹൈസ്കൂൾ രസതന്ത്രം മുൻ അധ്യാപിക പി.സി. സത്യഭാമയുടെയും മകനാണ്. ഭാര്യ: ഒ.ടി. സരിത. അഹമ്മദാബാദ് സ്കൂൾ ഓഫ് ആർക്കിടെക്‌ചർ വിദ്യാർഥിനി നിഹാരിക, പഞ്ചാബ് ചിത്‌കര സർവകലാശാല ആനിമേഷൻ വിദ്യാർഥിനി ഗീതിക എന്നിവർ മക്കളാണ്. മാനന്തവാടിയിലെ ഡെന്റിസ്റ്റ് പി.സി. സജിത്ത്, പി.സി. സംപ്രീത് (ഓസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126668/international-recognition-for-the-wayanad-man)