---
title: "സ്ത്രീകളുടെ ഹൗസ്ഫുൾ ഷോ - ഡോ.​ ഗിരിജയ്ക്ക് ഐക്യദാർഢ്യം"
english_title: "Girija theatre housefull show"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127000/girija-theatre-housefull-show"
published_at: "2023-07-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2778d52cdd_reporterlive_2023-07_26b04fd1-4eeb-43fe-a8a0-946957e6d938_Girija_Theatre.jpg"
keywords: []
---

# സ്ത്രീകളുടെ ഹൗസ്ഫുൾ ഷോ - ഡോ.​ ഗിരിജയ്ക്ക് ഐക്യദാർഢ്യം

> **Lead Summary:** **തൃശ്ശൂർ**: ഗിരിജ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായി സ്ത്രീകളുടെ ഹൗസ്ഫുൾ ഷോ. സൈബർ ആക്രമണവും സാമൂഹികമാധ്യമ അക്കൗണ്ട് പൂട്ടിക്കലും വഴി തിയേറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായ ഡോ. ഗിരിജയ്ക്ക് പിന്തുണയറിയിച്ചാണ് ഞായറാഴ്ച മൂന്നു മണിയുടെ ഷോയ്ക്ക് സ്ത്രീകൾ കൂട്ടമായി എത്തിയത്. ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയറിയിച്ചത്.

## Article Content

**തൃശ്ശൂർ**: ഗിരിജ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായി സ്ത്രീകളുടെ ഹൗസ്ഫുൾ ഷോ. സൈബർ ആക്രമണവും സാമൂഹികമാധ്യമ അക്കൗണ്ട് പൂട്ടിക്കലും വഴി തിയേറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായ ഡോ. ഗിരിജയ്ക്ക് പിന്തുണയറിയിച്ചാണ് ഞായറാഴ്ച മൂന്നു മണിയുടെ ഷോയ്ക്ക് സ്ത്രീകൾ കൂട്ടമായി എത്തിയത്. ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയറിയിച്ചത്.

'മാസങ്ങൾക്കുശേഷം ഞാൻ സമാധാനമായി ഉറങ്ങിത്തുടങ്ങി. ശാരീരിക അസ്വസ്ഥതകൾ കുറഞ്ഞതുപോലെ,' എന്നാണ് കാണികൾക്ക് നടുവിൽ നിന്ന് ഗിരിജ പറഞ്ഞത്. ചേംബർ ഓഫ് കൊമേഴ്സ്, വൈ ഡബ്ള്യു സി എ, മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശ്ശൂരിലെ സ്ത്രീക്കൂട്ടായ്മകളും ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറി. തൃശ്ശൂരിൽ ഗിരിജ തിയേറ്റർ നിൽക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലെ അന്തേവാസികളും ഐക്യദാർഢ്യവുമായെത്തിയിരുന്നു.

ഓൺലൈൻ ബുക്കിങ് സൈറ്റുകൾ ഒഴിവാക്കി, സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. 2018 മുതൽ 12ലേറെ തവണയാണ് ഗിരിജയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടും പിന്തുണ ലഭിച്ചില്ല. ഇതിനുപിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127000/girija-theatre-housefull-show)