---
title: "ഏക സിവിൽ കോഡ് രാഷ്ട്രീയ മുതലെടുപ്പിന് : വി ഡി സതീശൻ"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127007/v-d-satheesan"
published_at: "2023-07-03T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a27a703b6b2_Screenshot_2023-07-03-12-55-22-14_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഏക സിവിൽ കോഡ് രാഷ്ട്രീയ മുതലെടുപ്പിന് : വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം** : ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഏക സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഹിന്ദുക്കളെയും ഇന്ത്യയിലെ വിവിധ ജാതി മത സമൂഹങ്ങളെയും ബാധിക്കുന്ന വിഷയമാണ്.

## Article Content

**തിരുവനന്തപുരം** : ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഏക സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഹിന്ദുക്കളെയും ഇന്ത്യയിലെ വിവിധ ജാതി മത സമൂഹങ്ങളെയും ബാധിക്കുന്ന വിഷയമാണ്.

എന്താണ് അതിന്റെ കരട് എന്ന് പോലും പുറത്തുവന്നിട്ടില്ല. കോൺഗ്രസിന്റെ നിലപാട് ഇത് ഹിന്ദു-മുസ്ലിം പ്രശ്നമല്ല എന്നതാണ്. ഇതൊരു ഹിന്ദു - മുസ്ലിം പ്രശ്നമായി വളർത്താനാണ് അവർ ശ്രമിക്കുന്നത്. ആ കെണിയിൽ പെടരുതെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ഒരു കാരണവശാലും ഇപ്പോൾ ഏക സിവിൽ കോഡിന്റെ ആവശ്യമില്ല എന്ന ലോ കമ്മീഷന്റെ തീരുമാനം തന്നെയാണ് കോണ്‍ഗ്രസിനുള്ളത് എന്നും വി ഡി സതീശന്‍ പറഞ്ഞു . പ്രക്ഷോഭം നടത്തുമെന്നാണ് സിപിഐഎം പറയുന്നത്. എന്നാൽ കേരളത്തിൽ സിഐഎക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ ഈ സർക്കാർ കേസെടുത്തിരുന്നു.

ആ കേസുകൾ പിൻവലിച്ചിട്ട് വേണം സിപിഐഎം ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനെന്ന് സതീശൻ പറഞ്ഞു. ഇത് സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ്. ഒരേ സമയം മറുവിഭാഗത്തെ കൂടി തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ നിലപാടിൽ ആത്മാർത്ഥതയില്ല. അഴിമതി ആരോപണങ്ങളുടെ ശരശയ്യയിൽ പെട്ടുകിടക്കുന്ന പാർട്ടിയിൽ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതിനാണ് ഈ വിഷയങ്ങളെയെല്ലാം ഉപയോഗിക്കുന്നത്.

കെപിസിസി പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. മോൻസൻ മാവുങ്കലിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് സുധാകരനെതിരെ മൊഴി കൊടുപ്പിച്ചത്. എന്നാൽ കൈതോലപ്പായയിൽ പൊതിഞ്ഞ് പണം കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ ആരോപണത്തിൽ കേസെടുക്കുന്നില്ല. സുധാകരൻ 18 കൊല്ലം മുമ്പ് പിരിച്ചുവിട്ട ഡ്രൈവർ പറഞ്ഞ ആരോപണത്തിൽ കേസെടുക്കാം, പക്ഷേ ശക്തിധരന്റെ വാക്കുകൾക്ക് വിശ്വാസ്യതയില്ലെന്ന് സിപിഐഎം പറയുന്നു. ഇതാണ് ഇരട്ടനീതി. ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങുമെന്നാണ് സിപിഐഎം പറയുന്നത്. എന്നാൽ എരിഞ്ഞടങ്ങാൻ പോകുന്നത് സിപിഐഎമ്മാണെന്നും സതീശൻ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127007/v-d-satheesan)