---
title: "ബഷീർ - കേശവദേവ് - പൊൻകുന്നം വർക്കി അനുസ്മരണം നടന്നു "
english_title: "Basheer - Kesavadev - Ponkunnam work commemoration was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127026/basheer-kesavadev-ponkunnam-work-commemoration-was-held"
published_at: "2023-07-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2826c72a54_IMG-20230703-WA0153.jpg"
keywords: []
---

# ബഷീർ - കേശവദേവ് - പൊൻകുന്നം വർക്കി അനുസ്മരണം നടന്നു 

> **Lead Summary:** വായന പക്ഷാചരണത്തിന്റെ ഭാഗമായി ഉളിക്കൽ ലിസ്കോ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗ്രന്ഥശാലാ ഹാളിൽ ഒരുക്കിയ പരിപാടിയിൽ, മലയാള സാഹിത്യ ലോകത്തിലെ വിഖ്യാത എഴുത്തുകാരായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കേശവദേവിന്റെയും പൊൻകുന്നം വർക്കിയുടെയും സാഹിത്യരചനകളെ അനുസ്മരിച്ചു കൊണ്ട്, പ്രഭാഷകനും സാഹിത്യനിരൂപകനുമായ ശ്രീ.കെ.കെ. ബിജു സംസാരിച്ചു.

## Article Content

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഉളിക്കൽ ലിസ്കോ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗ്രന്ഥശാലാ ഹാളിൽ ഒരുക്കിയ പരിപാടിയിൽ, മലയാള സാഹിത്യ ലോകത്തിലെ വിഖ്യാത എഴുത്തുകാരായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കേശവദേവിന്റെയും പൊൻകുന്നം വർക്കിയുടെയും സാഹിത്യരചനകളെ അനുസ്മരിച്ചു കൊണ്ട്, പ്രഭാഷകനും സാഹിത്യനിരൂപകനുമായ ശ്രീ.കെ.കെ. ബിജു സംസാരിച്ചു.

നിരന്തരമായ എതിർപ്പുകളെ നേരിട്ടു കൊണ്ട്, അടിസ്ഥാനവർഗ്ഗത്തിന്റെയും നിസ്വരായ മനുഷ്യരുടെയും സാമൂഹ്യ ജീവിതത്തെ ഇതിവൃത്തമാക്കി സാധാരണക്കാരന്റെ ഭാഷയിലൂടെ സാഹിത്യരചന നിർവഹിച്ച അദ്വിതീയരായ എഴുത്തുകാരായിരുന്നു ബഷീറും കേശവദേവും വർക്കിയുമെന്ന് പ്രഭാഷകൻ സോദാഹരണം വ്യക്തമാക്കി. പുതുതലമുറയെ വഴിതെറ്റിക്കുന്ന പ്രതിലോമശക്തികളുടെ സ്വാധീനവലയത്തിൽ നിന്ന് സമൂഹത്തെ വീണ്ടെടുക്കാൻ പുതിയൊരു വായനാ സംസ്കാരം രൂപപ്പെടുത്താൻ ഉതകും വിധം ഗ്രന്ഥശാലകൾ വ്യത്യസ്ത കർമ്മപദ്ധതികൾ വിഭാവനം ചെയ്യേണ്ടതുണ്ടെന്ന് അനുസ്മരണ ഭാഷണത്തിൽ പ്രഭാഷകൻ സദസ്സിനെ ഓർമ്മിപ്പിച്ചു.

കുടുംബശ്രീ സംസ്ഥാന കലാത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ കെ.എം. സ്വപ്നടീച്ചർക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജീവിതാനുഭവങ്ങൾ തനിക്കു നൽകിയ തിരിച്ചറിവുകളും സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ പരുക്കൻ പ്രാതികൂല്യങ്ങളുമാണ് തന്റെ കവിതകളുടെ രചനയുടെ പിറവികൾക്ക് വഴിച്ചൂട്ടായതെന്ന് സ്വപ്നടീച്ചർ വ്യക്തമാക്കി. തുടർന്ന്, എം.എ.റഹ്മാൻ തയ്യാറാക്കിയ 'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററിയുടെയും ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത 'ഒരു മനുഷ്യൻ' എന്ന ടെലിഫിലിമിന്റെയും പ്രദർശനം നടന്നു. ലിസ്കോ ഗ്രന്ഥശാലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഗ്രന്ഥശാലാ നിർവാഹക സമിതി അംഗം കെ.ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.ഷാജി നന്ദി പ്രകാശിപ്പിച്ചു. ഗ്രന്ഥശാലയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളുമായ സഹൃദയരുടെ പ്രൗഢസാന്നിധ്യം പരിപാടിക്ക് മികച്ച പിന്തുണ നൽകുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127026/basheer-kesavadev-ponkunnam-work-commemoration-was-held)