---
title: "ക്ലാസ് കട്ട് ചെയ്ത് മുങ്ങണോ? ഇനി വീട്ടിലേക്ക് ഫോൺ വിളിയെത്തും: പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് "
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127297/school"
published_at: "2023-07-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3bc83ce220_Screenshot_20230704-115525_Chrome.jpg"
keywords: []
---

# ക്ലാസ് കട്ട് ചെയ്ത് മുങ്ങണോ? ഇനി വീട്ടിലേക്ക് ഫോൺ വിളിയെത്തും: പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് 

> **Lead Summary:**  **തിരുവനന്തപുരം** : ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് അധ്യാപകരുടെ ഫോൺ വിളിയെത്തും. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ അച്ചടക്കമുറപ്പാക്കാനും ക്ലാസുകളിൽ നിന്ന് മുങ്ങുന്നവരെ പൊക്കാനും പ്രത്യേക നിർദേശങ്ങളിറക്കി വിദ്യാഭ്യാസ വകുപ്പ്.

## Article Content

 **തിരുവനന്തപുരം** : ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് അധ്യാപകരുടെ ഫോൺ വിളിയെത്തും. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ അച്ചടക്കമുറപ്പാക്കാനും ക്ലാസുകളിൽ നിന്ന് മുങ്ങുന്നവരെ പൊക്കാനും പ്രത്യേക നിർദേശങ്ങളിറക്കി വിദ്യാഭ്യാസ വകുപ്പ്.

ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെ ഫോൺ നമ്പർ വാങ്ങിവെക്കാനാണ് നിർദേശം നൽകിയിരിക്കുന്നത് .  കുട്ടികൾ ക്ലാസിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അന്വേഷിക്കണമെന്നും നിർദേശമുണ്ട്. മയക്കുമരുന്നിനെതിരായ അവബോധം കൂടി ശക്തമാക്കുമ്പോഴാണ് ഈ നിർദേശമെന്നതാണ് ശ്രദ്ധേയം. ഇത്തവണ കാര്യങ്ങൾ കൂടുതൽ കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങളിൽ പറയുന്നു .

ക്ലാസ് തുടങ്ങുമ്പോൾ കുട്ടികളെ സ്വാഗതം ചെയ്ത് പ്രത്യേകം പരിപാടി വെയ്ക്കണം. അതിൽ രക്ഷിതാക്കളും ഒപ്പം വേണം. സ്കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കം പ്രത്യേകം ഓർമ്മിപ്പിക്കണം. ഒപ്പം ലഹരിക്കെതിരായ അവബോധം പ്രത്യേകം നൽകണം. അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഫോൺ നമ്പർ പരസ്പരം വാങ്ങണം. വിദ്യാർത്ഥി ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളോട് കാര്യമന്വേഷിക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ആശങ്ക ശക്തമാകുമ്പോഴാണ് ഈ നിർദേശങ്ങളുടെ പ്രസക്തി ഉള്ളത് . ജൂലൈ അഞ്ചിനാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127297/school)