---
title: "കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയിസ് ടൗൺ - പാൽച്ചുരം റോഡ് തകർന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127316/kannur"
published_at: "2023-07-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c4d368395_Screenshot_2023-07-04-12-30-27-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയിസ് ടൗൺ - പാൽച്ചുരം റോഡ് തകർന്നു

> **Lead Summary:** **കൊട്ടിയൂർ: **കണ്ണൂർ** **വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയിസ് ടൗൺ - പാൽച്ചുരം റോഡ് തകർന്നു . ഒരു വർഷത്തിലേറെ തകർന്നു കിടന്ന ചുരം പാതയിൽ കഴിഞ്ഞ മെയ് 15 മുതൽ റോഡ് അടച്ചിട്ട് അറ്റകുറ്റ പണി നടത്തിയിരുന്നുവെങ്കിലും വീണ്ടും തകർന്നിരിക്കുകയാണ്.

## Article Content

**കൊട്ടിയൂർ: **കണ്ണൂർ** **വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയിസ് ടൗൺ - പാൽച്ചുരം റോഡ് തകർന്നു . ഒരു വർഷത്തിലേറെ തകർന്നു കിടന്ന ചുരം പാതയിൽ കഴിഞ്ഞ മെയ് 15 മുതൽ റോഡ് അടച്ചിട്ട് അറ്റകുറ്റ പണി നടത്തിയിരുന്നുവെങ്കിലും വീണ്ടും തകർന്നിരിക്കുകയാണ്.

റോഡിൽ സ്ഥിരമായി പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ഇൻറർലോക്കും മറ്റു ഭാഗങ്ങളിൽ പാച്ച് വർക്കും നടത്തി ടാറിങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇൻറർലോക്ക് ചെയ്തു കഴിഞ്ഞപ്പോഴേക്കും കൊട്ടിയൂർ ഉത്സവം ആരംഭിക്കുകയും ചെയ്തു. ഇൻറർലോക്ക് ചെയ്ത് കോൺക്രീറ്റ് ഉറയ്ക്കാൻ കുറഞ്ഞത് പത്തു ദിവസം എങ്കിലും വേണം. എന്നാൽ കോൺക്രീറ്റ് ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ റോഡ് തുറന്നു കൊടുക്കുകയാണ് ചെയ്തത്.

ഇതേതുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ വിള്ളൽ ഉണ്ടായി. മഴ കനത്തതോടെ കോൺക്രീറ്റിന് അടിയിലെ കമ്പി പുറത്തുവന്ന നിലയിലാണ് ഇപ്പോൾ. പാച്ച് വർക്ക് ചെയ്ത ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു . റോഡിൻറെ ടാറിങ് വർക്കുകൾ ഇനിയും പൂർത്തിയാകാൻ ഉണ്ട് .85 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരുന്നത്. 11 ലക്ഷം രൂപയുടെ അറ്റകുറ്റ പണികൾ മാത്രമാണ് നടന്നതെന്നാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് അധികൃതർ പറയുന്നത്.

റോഡിൻറെ നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് വിള്ളൽ ഉണ്ടായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇൻറർലോക്ക് ചെയ്ത ഭാഗത്ത് വലിയ എഡ്ജ് ആണ് സൈഡുകളിൽ ഉള്ളത്.ഇത് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമാകും . മിച്ചം വന്ന ഇൻറർലോക്ക് കട്ടകൾ റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് കൂട്ടിയിട്ടതും വാഹനങ്ങൾ കടന്നു പോകാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇന്റർലോക്കിന്റെ മുകളിൽ കൂടി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങൾ തെന്നുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127316/kannur)