---
title: "കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി കേളകം പഞ്ചായത്ത് നിവാസികൾ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127431/kelakam"
published_at: "2023-07-04T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4102b1ad0e_Screenshot_2023-07-04-17-54-49-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി കേളകം പഞ്ചായത്ത് നിവാസികൾ

> **Lead Summary:** **ആറളം**: വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തിയായ ചീങ്കണ്ണി പുഴയുടെ തീരത്ത് 14 കിലോമീറ്റർ ദൂരത്തിൽ 50 മീറ്റർ ബഫർ സോൺ വേണമെന്ന വനം വകുപ്പിന്റെ പ്രൊപ്പോസൽ തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ ഈ പ്രദേശവുമായി അതിർത്തി പങ്കിടുന്ന 1,2,4,5,6,7,8 വാർഡുകളിലെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന് കൈമാറി.

## Article Content

**ആറളം**: വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തിയായ ചീങ്കണ്ണി പുഴയുടെ തീരത്ത് 14 കിലോമീറ്റർ ദൂരത്തിൽ 50 മീറ്റർ ബഫർ സോൺ വേണമെന്ന വനം വകുപ്പിന്റെ പ്രൊപ്പോസൽ തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ ഈ പ്രദേശവുമായി അതിർത്തി പങ്കിടുന്ന 1,2,4,5,6,7,8 വാർഡുകളിലെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനായി സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന് കൈമാറി.

ജനവാസ മേഖലകളിൽ ബഫർ സോൺ പൂജ്യം ആയി നിജപ്പെടുത്തണമെന്ന ജനപ്രതിനിധികളുടെയും, സംസ്ഥാന സർക്കാരിന്റെയും തീരുമാനത്തിന് വിരുദ്ധമായി സമർപ്പിച്ചിരിക്കുന്ന പ്രൊപ്പോസൽ തിരുത്തണമെന്നും, ഇപ്രകാരം പ്രൊപ്പോസൽ സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾ ഒപ്പിട്ട ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇപ്രകാരം ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം കിഫ വിവരാവകാശ രേഖകളിലൂടെ പുറത്ത് എത്തിക്കുകയും, ജനങ്ങളെ അണിനിരത്തി സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ഒരു പ്രൊപ്പോസൽ ജന ജീവിതത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും, ഉദ്യോഗസ്ഥ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമത്തെ ഗവൺമെന്റ് തിരുത്തണമെന്നും താൻ ഈ വിഷയങ്ങൾ വനം മന്ത്രിയെയും, വനം മേധാവിമാരെയും ഇതിനകം ധരിപ്പിച്ചിട്ടുണ്ടെന്നും ഹർജി സ്വീകരിച്ച എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. താൻ ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നും, ഏറ്റവും അടുത്ത ദിവസം തന്നെ ഭീമ ഹർജി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും എംഎൽഎ കിഫ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

പൊതുജനം ഒറ്റക്കെട്ടായി തങ്ങളുടെ പ്രശ്നങ്ങളെ ജനപ്രതിനിധികൾ മുഖേന ഹർജിയുടെ രൂപത്തിൽ മുഖ്യമന്ത്രിയിലേക്ക് എത്തുമ്പോൾ നടപടികൾ ഉണ്ടാവുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ സെക്രട്ടറി റോബിൻ എം ജെ എന്നിവർ പറഞ്ഞു. കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികളായ ജോസഫ് ആഞ്ഞിലിവേലിൽ, വിനോദ് കളപ്പുരക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127431/kelakam)