---
title: "കുറഞ്ഞ നിരക്കിൽ നോൺ എസി 'വന്ദേ സാധാരൺ'; യാത്രാ റൂട്ടിൽ കേരളവും"
english_title: "Newdelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127568/newdelhi"
published_at: "2023-07-05T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4fd208a5c4_IMG-20230705-WA0022.jpg"
keywords: []
---

# കുറഞ്ഞ നിരക്കിൽ നോൺ എസി 'വന്ദേ സാധാരൺ'; യാത്രാ റൂട്ടിൽ കേരളവും

> **Lead Summary:** **ന്യൂഡൽഹി**: കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. സ്ലീപ്പർ, ജനറൽ കോച്ച് സംവിധാനങ്ങളോടെ നോൺ എസി ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കിൽ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പദ്ധതിക്ക് രൂപം നൽകിയത്.

## Article Content

**ന്യൂഡൽഹി**: കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. സ്ലീപ്പർ, ജനറൽ കോച്ച് സംവിധാനങ്ങളോടെ നോൺ എസി ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കിൽ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പദ്ധതിക്ക് രൂപം നൽകിയത്.

ഏറ്റവും തിരക്കേറിയ സെക്ടറുകളിലായിരിക്കും നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ ഓടിക്കുക. തെരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളിൽ എറണാകുളം-ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്. 65 കോടി ചെലവിൽ ഐസിഎഫ് ചെന്നൈയിലാണ് ട്രെയിനിന്റെ നിർമ്മാണം. ഈ വർഷം അവസാനത്തോടെ ആദ്യത്തെ റാക്കിന്റെ പണി പൂർത്തിയാകും. നേരെമറിച്ച്, സീറ്റ് ക്രമീകരണങ്ങൾ അടക്കം എസി വന്ദേ സാധാരൺ ട്രെയിൻ ഐസിഎഫിൽ നിർമ്മിക്കുന്നതിന് ഏകദേശം 100 കോടി രൂപ ചിലവ് വരും.

ഏതാനും കോച്ചുകളിൽ റിസർവേഷൻ ഉണ്ടാവും. വന്ദേഭാരതിന്റെ വേഗതയിൽ തന്നെയായിരിക്കും യാത്ര. ബയോ വാക്വം ടോയിലറ്റ്, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓരോ സീറ്റിലും ചാർജിംഗ് ഉൾപ്പെടെയുള്ള സംവിധാനവും ഉണ്ടാവും. ഇതിന് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ കോച്ചിലും സിസിവിടി സംവിധാനവും ഉണ്ടാവും. വന്ദേഭാരതിന് സമാനമായി ഓട്ടോമാറ്റിക് ഡോർ സംവിധാനത്തോട് കൂടിയാണ് വന്ദേ സാധാരൺ ട്രെയിനും എത്തുക. ഇത് ആദ്യമായാണ് സിസിടിവി ക്യാമറകളും ബയോ വാക്വം ടോയിലറ്റുകളും ഓട്ടോമാറ്റിക് വാതിലുകളോടും കൂടി നോൺ എസി ട്രെയിനുകൾ പുറത്തിറക്കുന്നത്. വന്ദേ സാധരൻ ട്രെയിനിനൊപ്പം, ഐസിഎഫിൽ പ്രാദേശിക യാത്രയ്ക്കായി റെയിൽവേ വന്ദേ മെട്രോയും നിർമ്മിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127568/newdelhi)