---
title: "സംസ്ഥാനമാകെ മഴ ആശങ്കയും ഭീതിയും പരത്തുമ്പോൾ മഴയെ ആഘോഷമാക്കുകയാണ് വയനാട്ടുകാർ"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127842/vayanad"
published_at: "2023-07-06T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63828e2f4e_Picsart_23-07-06_09-12-08-169.jpg"
keywords: []
---

# സംസ്ഥാനമാകെ മഴ ആശങ്കയും ഭീതിയും പരത്തുമ്പോൾ മഴയെ ആഘോഷമാക്കുകയാണ് വയനാട്ടുകാർ

> **Lead Summary:** **വയനാട്**: സംസ്ഥാനമാകെ മഴ ആശങ്കയും ഭീതിയും പരത്തുമ്പോൾ മഴയെ ആഘോഷമാക്കുകയാണ് വയനാട്ടുകാർ. കബനി നദിക്കരയിൽ കുളിരായി പെയ്തിറങ്ങിയ നൂൽമഴക്കിടെ വള്ളിയൂർക്കാവിലെ ചളിനിറഞ്ഞ വയൽ പാടത്ത് ഫുഡ്ബോൾ ആവേശത്തോടെ സ്പ്ലാഷ് 23 മഴ മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം.

## Article Content

**വയനാട്**: സംസ്ഥാനമാകെ മഴ ആശങ്കയും ഭീതിയും പരത്തുമ്പോൾ മഴയെ ആഘോഷമാക്കുകയാണ് വയനാട്ടുകാർ. കബനി നദിക്കരയിൽ കുളിരായി പെയ്തിറങ്ങിയ നൂൽമഴക്കിടെ വള്ളിയൂർക്കാവിലെ ചളിനിറഞ്ഞ വയൽ പാടത്ത് ഫുഡ്ബോൾ ആവേശത്തോടെ സ്പ്ലാഷ് 23 മഴ മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം.

മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വയനാട് മഡ് ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നത്.

ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 15 വരെ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  മഡ് ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുഡ്ബോൾ (ജിലാതലം), കയാക്കിംഗ് (സംസ്ഥാന തലം), മൺസൂൺ ട്രക്കിംഗ് തുടങ്ങിയവയാണ് മത്സരങ്ങൾ.

മഡ് ഫെസ്റ്റിൻ്റെ ഭാഗമായ മഡ് ഫുട്ബോളിൻ്റെ താലൂക്ക് തല മത്സരങ്ങളാണ് വള്ളിയൂർക്കാവിൽ തുടങ്ങിയത്. ബത്തേരി താലൂക്ക് തല മത്സരം ഇന്ന് രാവിലെ എട്ട് മണി മുതൽ സപ്ത റിസോർട്ട് വയലിലും നാളെ വൈത്തിരി താലൂക്ക് തല മത്സരം കാക്കവയലിലും നടക്കും.

ശനിയാഴ്ച സർക്കാർ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവർ ചേർന്നുള്ള സൗഹൃദ മത്സരം കാക്കവയലിൽ നടക്കും. ഒമ്പതാം തിയതി രാവിലെ ഒമ്പത് മണി മുതൽ കാക്കവയലിൽ മഡ് ഫുട്ബോൾ സംസ്ഥാന തല മത്സരം നടക്കും.

മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും . ജൂലൈ 13-ന് രാവിലെ 10 മണി മുതൽ കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും.. താലൂക്ക് തല മഡ് ഫുട്ബോൾ മത്സരങ്ങൾ വള്ളിയൂർക്കാവ് കണ്ണി വയലിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. സബ് കലക്ടർ ആർ.ശ്രീലക്ഷ്മി മുഖ്യാതിഥിയായിരുന്നു. കൗൺസിലർ കെ.സുനിൽ കുമാർ, വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ് , ജോയിൻ്റ് സെക്രട്ടറി ബിജു തോമസ്, ട്രഷർ പി.എൻ.ബാബു വൈദ്യർ, ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്, ഔട്ട് ഡോർ ഇവൻ്റസ് കോഡിനേറ്റർ പ്രദീപ് മൂർത്തി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം തുടങ്ങിയവർ സംസാരിച്ചു.

ബ്രദേഴ്സ് കല്ലുവയൽ, എഫ്.സി .പൂതാടി ഫ്രഷ് ചലഞ്ചേഴ്സ് പനമരം. സോക്കർ സ്റ്റാർ വള്ളിയൂർക്കാവ്. സോക്കർ ബോയ്സ് കമ്മന. എന്നീ ടീമുകളടക്കം ഏഴ് ടീമുകളാണ് ആദ്യ ദിനം മാറ്റുരച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127842/vayanad)