---
title: "കുട്ടികളുടെ വിവര ശേഖരണത്തിന് രക്ഷിതാക്കൾ അനുമതി നൽകണം."
english_title: "#Parents must give consent to # collection of children's information."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127855/parents-must-give-consent-to-collection-of-childrens-information"
published_at: "2023-07-06T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a640290ece5_download_-_2023-07-06T094340.915.jpeg"
keywords: []
---

# കുട്ടികളുടെ വിവര ശേഖരണത്തിന് രക്ഷിതാക്കൾ അനുമതി നൽകണം.

> **Lead Summary:** **ന്യൂഡൽഹി**: 18 വയസ്സിനു താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് കമ്പനികൾക്കു രക്ഷിതാക്കളുടെ സമ്മതം വേണമെന്ന വിവരസുരക്ഷാ ബില്ലിലെ വ്യവസ്ഥയിൽ മാറ്റമില്ല.

## Article Content

**ന്യൂഡൽഹി**: 18 വയസ്സിനു താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് കമ്പനികൾക്കു രക്ഷിതാക്കളുടെ സമ്മതം വേണമെന്ന വിവരസുരക്ഷാ ബില്ലിലെ വ്യവസ്ഥയിൽ മാറ്റമില്ല.

18 വയസ്സ് പരിധിക്കെതിരെ പല ഇന്റർനെറ്റ് കമ്പനികളും രംഗത്തുവന്നിരുന്നെങ്കിലും ഇതിൽ മാറ്റമില്ലെന്നു സർക്കാർ വ്യക്തമാക്കി. ബിൽ പ്രാബല്യത്തിലാകുന്നതിനു മുൻപു കുട്ടികൾ സ്വന്തം നിലയിൽ വിവിധ സമൂഹ മാധ്യമങ്ങളിൽ നൽകിയ ഡേറ്റ വിലയിരുത്തി ആവശ്യമെങ്കിൽ നീക്കം ചെയ്യാൻ മാതാപിതാക്കൾക്ക് അവസരമൊരുങ്ങും.

നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്ക് അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ്സിനു മുകളിലുള്ളയാ ളാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. എന്നാൽ ബിൽ നിയമമായാൽ ഇതു ചെയ്യാനായേക്കില്ല. സ്ഥാപനങ്ങൾ ഡേറ്റ വച്ച് കുട്ടികളെ ട്രാക്ക് ചെയ്യുകയോ പെരുമാറ്റം നിരീക്ഷിക്കുകയോ ചെയ്യാൻ പാടില്ല.

കുട്ടിയുടെ ഡേറ്റ അടിസ്ഥാനമാക്കി നൽകുന്ന പരസ്യങ്ങളും പാടില്ല. മറ്റ് വ്യവസ്ഥകൾ  വിവരച്ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ 500 കോടി രൂപ വരെ പിഴയീടാക്കാം. കുട്ടികളുടെ വിവരം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്ക് 200 കോടി രൂപ വരെയാണ് പിഴ.

ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാൻ അവകാശമുണ്ട്. ബിൽ നിയമമാകുന്നതിനു മുൻപ്, നമ്മൾ വിവിധ സ്ഥാപനങ്ങൾക്കും സൈറ്റു കൾക്കും നൽകിയ വ്യക്തി വിവരങ്ങൾ എന്തൊക്കെയെന്നും അവയെന്തിനൊക്കെ ഉപയോഗിച്ചുവെന്നും അവർ നമ്മളെ അറി യിച്ചിരിക്കണം.

മുൻപ് നൽകിയ ഒരു വിവരം അപ്ഡേറ്റ് ചെയ്യാനോ നീക്കം ചെയ്യാനോ ആവശ്യപ്പെടാം.  മരണത്തിനു ശേഷം നമ്മുടെ ഡേറ്റയുടെ അവകാശം ആർക്കെന്ന് (നോമിനി) നിശ്ചയിക്കാൻ നമുക്ക് അവകാശമുണ്ട്.

സർക്കാർ നിശ്ചയിക്കുന്ന രാജ്യങ്ങളിലേക്കു മാത്രമേ കമ്പനികൾക്ക് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കൈമാറാനാവൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127855/parents-must-give-consent-to-collection-of-childrens-information)